തിരൂർ: തിരൂരിന്‍റെ സമീപ പ്രദേശമായ പറവണ്ണക്ക് അധിനിവേശ വിരുദ്ധ പോരാട്ട ചരിത്ര സ്മരണയിൽ നിർണായക സ്ഥാനമാണുള്ളത്. നാല് ദിക്കുകളിലായി ധീരദേശാഭിമാനികളുടെ ഖബറിടങ്ങളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. റിട്ട. എംപ്ലോയ്മെന്‍റ് ഓഫിസറും ചരിത്ര ഗവേഷകനുമായ അബൂബക്കർ സിദ്ദീഖ് അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ പറവണ്ണക്കുള്ള സ്ഥാനം അടിവരയിടുന്നുണ്ട്.
'തുഹ്ഫത്തുൽ മുജാഹിദീനി'ലും കേരള മുസ്‍ലിംകളുടെ പോരാട്ട ചരിത്രത്തിലും വാണിജ്യ കേന്ദ്രമായിരുന്ന പറവണ്ണയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. 1498ലെ വാസ്കോഡ ഗാമയുടെ അധിനിവേശ വരവായിരുന്നു പറവണ്ണയുടെ നാശത്തിന് കളമൊരുക്കിയത്. ഗാമയുടെ ഇവിടത്തെ പോർചുഗീസ് ഗവർണർക്ക് ഈ വാണിജ്യ കേന്ദ്രത്തെ പിടിച്ചടക്കണമെന്ന അതിയായ അത്യാഗ്രഹമാണുണ്ടായത്. ഈ വ്യാപാര കേന്ദ്രത്തെ പിടിച്ചെടുക്കാനുള്ള ആദ്യ ശ്രമത്തിന്‍റെ ഭാഗമായി ഗവർണർ കച്ചവടവിരുദ്ധ വിളംബരം നടത്തി.
ഈ വിളംബരം മൂലം തദ്ദേശീയരും വിദേശികളും സമാധാനത്തോടെ നടത്തിയിരുന്ന വ്യാപാര കേന്ദ്രത്തിന് വലിയ ഭീഷണിയാണ് വരുത്തിവെച്ചത്. വാണിജ്യ കേന്ദ്രത്തിന്‍റെ സുരക്ഷിതത്വത്തിനായി സാമൂതിരിയുടെ നാവികസൈന്യ നേതാവായിരുന്ന പറവണ്ണയിലെ കുട്ടി ഇബ്രാഹിം മരക്കാരെ സമീപിച്ചു. സാമൂതിരിയുടെ ആദ്യകാല നാവിക നായകന്മാരായിരുന്നു നാല് പ്രമുഖ മരക്കാർമാർ.
പൊന്നാനിയിൽ കുട്ടിയാലി മരക്കാർ, പറവണ്ണയിലെ കുട്ടി ഇബ്രാഹിം മരക്കാർ, താനൂരിലെ അലി ഇബ്രാഹിം മരക്കാർ, ലക്ഷദ്വീപ് കാവൽ നായകനായ പക്കിമരക്കാർ എന്നിവരായിരുന്നു അത്. കുട്ടി ഇബ്രാഹിം മരക്കാറിന്‍റെ നേതൃത്വത്തിലാണ് പറവണ്ണയിലെ വ്യാപാരകേന്ദ്രങ്ങളെയും ജനങ്ങളെയും പോർചുഗീസ് സൈന്യത്തിൽനിന്നുള്ള ഭീഷണിയെ ചെറുക്കാനായി സാമൂതിരിയുടെ പിന്തുണയോടെ സൈനിക ശേഖരണത്തിനായി ശ്രമങ്ങൾ നടത്തിയത്.
അതിനായി സൈനുദ്ദീൻ മഖ്ദൂമിൽനിന്നു കത്ത് വാങ്ങി തുർക്കിയിലെ ഖലീഫയെ അടക്കം ബന്ധപ്പെട്ടിരുന്നു. ഖലീഫയുടെ ശിപാർശപ്രകാരം ഈജിപ്ത് ഗവർണറെ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ പറവണ്ണ തീരപ്രദേശം ലക്ഷ്യമാക്കി സൈനികർ പുറപ്പെട്ടെങ്കിലും പ്രസ്തുത സൈനിക കപ്പലിന് വഴിമധ്യേ മറ്റൊരു പ്രശ്നത്തെ അഭിമുഖീകരിക്കാനുള്ള നിർദേശം ലഭിച്ചു. തുടർന്ന് സൈന്യം യമനിലേക്ക് പോയി. തുടർന്ന് പറവണ്ണയിലെ പോർചുഗീസ് സൈനികർക്കെതിരെയുള്ള ചെറുത്തുനിൽപിനായി കുട്ടി ഇബ്രാഹിം മരക്കാർ മറ്റൊരു സൈനികസഹായത്തിനായി ശ്രമിച്ചു. കുട്ടി ഇബ്രാഹിം മരക്കാർ കർണാടകയിലെ ബീജാപുർ ഭരണാധികാരിയായിരുന്ന ഷാ ആലമിനെ സമീപിച്ച് പറവണ്ണയിലേക്ക് സൈനിക സഹായം അഭ്യർഥിച്ചു.
എന്നാൽ, ബീജാപുർ സുൽത്താനിൽനിന്ന് ഈ സൈനികസഹായം എത്തുന്നതിനിടയിലാണ് ഓർക്കാപ്പുറത്ത് പോർചുഗീസ് ഗവർണറുടെ നേതൃത്വത്തിൽ പറവണ്ണയിൽ ആക്രമണം അഴിച്ചുവിട്ടത്. എ.ഡി 1532ൽ നടന്ന ഈ യുദ്ധത്തിൽ കുട്ടി ഇബ്രാഹിം അടക്കം ഒരുപാടുപേർ വീരമൃത്യു വരിച്ചു. പറവണ്ണയിലെ നാല് ഭാഗങ്ങളിലും മൃതദേഹങ്ങൾ കുന്നുകൂടി. ഇവ പറവണ്ണ വലിയ ജുമുഅത്ത് പള്ളിയുടെ ഇരുഭാഗങ്ങളിലും പറവണ്ണ തെക്കേ പള്ളിയിലും വടക്കേപള്ളിയിലും പടിഞ്ഞാറ് ഭാഗത്തുള്ള ഷൈക്കിന്‍റെ പള്ളിയുടെ ഖബർസ്ഥാനുകളിലുമായിട്ടാണ് മറമാടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.