ന്യൂഡൽഹി: രാമക്ഷേത്ര നിർമാണം ചരിത്രനേട്ടമായി വിശേഷിപ്പിക്കുന്ന പ്രമേയവും യു.പി.എ സർക്കാർ രാജ്യത്തെ മുരടിപ്പിലേക്കു നയിച്ചുവെന്ന് കുറ്റപ്പെടുത്തുന്ന ധവളപത്രവും പാസാക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇതേക്കുറിച്ച പോർവിളിയുടെ അകമ്പടിയോടെ വിവിധ പാർട്ടികൾ ഇനി തെരഞ്ഞെടുപ്പു ഗോദയിലേക്ക്.
എട്ടു ദിവസത്തേക്ക് നിശ്ചയിച്ച ബജറ്റ് സമ്മേളനം ഒരു ദിവസത്തേക്കുകൂടി നീട്ടിയാണ് അയോധ്യ ചർച്ചക്ക് മോദിസർക്കാർ അവസരമൊരുക്കിയത്. യു.പി.എ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ധവളപത്രവും തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള സർക്കാർ നീക്കമായി. ഇടക്കാല ബജറ്റ് പാസാക്കുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് പരിമിത ദിവസങ്ങളിലേക്ക് പാർലമെന്റ് സമ്മേളനം വിളിച്ചത്.
അയോധ്യ ചർച്ചക്ക് അവസാന ദിവസം നീക്കിവെച്ചതിനെ തുടർന്ന് 17ാം ലോക്സഭയുടെ സമാപന സമ്മേളന ദിനത്തിൽ പ്രതിപക്ഷ ബെഞ്ചുകൾ മിക്കവാറും കാലിയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപസംഹാര പ്രസംഗവും ഈ പശ്ചാത്തലത്തിലായി. 17ാം ലോക്സഭ അഞ്ചു വർഷത്തിനിടയിൽ 222 ബില്ലുകൾ പാസാക്കിയെന്ന് സ്പീക്കർ ഓം ബിർല സമാപന പ്രസംഗത്തിൽ പറഞ്ഞു. 97 ശതമാനം പ്രവർത്തന ക്ഷമത നേടിയെന്നും സ്പീക്കർ അവകാശപ്പെട്ടു. രാജ്യസഭയുടെ 263ാമത് സമ്മേളനമാണ് സമാപിച്ചത്.
2019ൽ മാർച്ച് 10നാണ് ലോക്സഭ തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചത്. ഇത്തവണ അതിനു മുമ്പേ പ്രഖ്യാപനം വന്നേക്കുമെന്ന സൂചനകൾ മുൻനിർത്തിയുള്ള നീക്കങ്ങളിലാണ് പാർട്ടികൾ. ഏപ്രിൽ-മേയ് മാസങ്ങളിലാണ് വിവിധ ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.