പാർട്ടി അച്ചടക്കം പരമപ്രധാനം, എല്ലാ നേതാക്കളുടെയും പെരുമാറ്റവും പ്രവർത്തനവും വിലയിരുത്തുന്നുണ്ട്​- കെ.സുരേന്ദ്രൻ

നാദാപുരം: പാർട്ടി അച്ചടക്കം പരമപ്രധാനമാണെന്നും അച്ചടക്കം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതുക്കിയ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നാദാപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം. നേതാക്കളുടെ പെരുമാറ്റവും പ്രവർത്തനവും കൃത്യമായി വിലയിരുത്താൻ പാർട്ടിക്ക് സംവിധാനം ഉണ്ട്. ബി.ജെ.പിയിൽ പുനഃസംഘടന തുടരുമെന്നും സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. പാർട്ടി കമ്മിറ്റികൾ ചെറുതാക്കും. പാർട്ടി ഭാരവാഹികൾ സമൂഹമാധ്യമങ്ങൾ ഇടപെടുമ്പോൾ അതീവശ്രദ്ധ പുലർത്തണം. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ്ടു-പ്ലസ് വൺ പ്രവേശനത്തിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നു. വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് പോലും സീറ്റ് കിട്ടാനില്ല. ഈ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. കെ-റെയിൽ അശാസ്ത്രീയമായ വികസന പദ്ധതിയാണ്. ലാഭരഹിതമായതിനാൽ 10 വർഷം മുമ്പ് ഉപേക്ഷിക്കപ്പെട്ടതാണ് കെ-റെയിൽ. കെ-റെയിലിന്‍റെ പേരിൽ ഭൂമി എറ്റെടുക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള നിക്ഷിപ്ത താത്പര്യം മാത്രമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയായ വിവാദ നായികയ്ക്ക് സർക്കാരിലും സി.പി.എമ്മിലും വലിയ സ്വാധീനമാണുള്ളത്. സർക്കാരുമായി അവർക്ക് പല ഇടപാടുകളുമുണ്ട്. മോൻസൻ മാവുങ്കലിന്‍റെ കൊള്ളയ്ക്കും ശബരിമലയ്ക്കെതിരായ വ്യാജ ചെമ്പോലയ്ക്കും പിന്നിൽ സർക്കാരിന്‍റെ സഹായമുണ്ട്. മുഖ്യമന്ത്രിക്കും സർക്കാരിനും പലതും മറിച്ചുവെക്കാനുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Party discipline is paramount - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.