കോഴിക്കോട് വിമാനത്താവളത്തിൽ യാത്ര മുടങ്ങിയവർ അധികൃതരെ പ്രതിഷേധമറിയിക്കുന്നു 

എയർ ഇന്ത്യ സമരത്തിൽ വലഞ്ഞ് യാത്രക്കാർ; കൊച്ചിയിലും തിരുവനന്തപുരത്തും പകരം സംവിധാനം

കൊച്ചി: എയർ ഇന്ത്യ ജീവനക്കാർ നടത്തിയ അപ്രതീക്ഷിത സമരത്തിൽ വലഞ്ഞ് യാത്രക്കാർ. ഇതേ തുടർന്ന് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി. യാത്ര പുന:ക്രമീകരിക്കേണ്ടവർക്ക് അത് ചെയ്തുനൽകിയെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. 10, 11, 12 തീയതികളിലേക്കാണ് യാത്ര പുന:ക്രമീകരിച്ച് നൽകിയത്. റീഫണ്ട് വേണ്ടവർക്ക് അത് നൽകിയെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു.


നെടുമ്പാശേരിയിൽ യാത്രക്കാർക്ക് നാളത്തേക്ക് ടിക്കറ്റ് റീ ഷെഡ്യൂൾ ചെയ്തു നൽകി. ജീവനക്കാരുടെ സമരം അവസാനിപ്പിച്ചാൽ റീ ഷെഡ്യൂൾ ചെയ്ത ടിക്കറ്റിൽ നാളെ യാത്ര ചെയ്യാം.


എയർ ഇന്ത്യ ജീവനക്കാർ അപ്രതീക്ഷിതമായി പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് തിരുവനന്തപുരം, നെടുമ്പാശേരി, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ വിമാനങ്ങൾ റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. കരിപ്പൂരിൽനിന്നുള്ള ആറ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. റാസൽഖൈമ, ദുബൈ, ജിദ്ദ, ദോഹ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. 

അലവൻസ് കൂട്ടിനൽകണമെന്ന് ആവശ്യപ്പെട്ടാണ് എയർ ഇന്ത്യ ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കിയത്. ജീവനക്കാർ കൂട്ടത്തോടെ ലീവെടുക്കുകയായിരുന്നു. ഇതേത്തുടർന്ന് രാജ്യത്ത് പലയിടത്തുമായി 70ലേറെ വിമാന സർവിസുകൾ മുടങ്ങി. 

Tags:    
News Summary - Passengers affected by Air India strike; Alternate system in Kochi and Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.