കോഴിക്കോട്: പരശുറാം എക്സ്‌പ്രസിലെ ദുരിതയാത്രക്ക് അറുതിയില്ല. ഇന്നലെ തിക്കിലും തിരക്കിലും പെട്ട രണ്ടു വിദ്യാർഥിനികൾ ഉൾപ്പെടെ മൂന്ന് യാത്ര ക്കാരികൾകുഴഞ്ഞുവീണു. വന്ദേഭാരത് ട്രെയിൻ കടന്നു പോകാൻ വേണ്ടി പരശുറാം പിടിച്ചിട്ടതിനെ തുടർന്നാണു സംഭവം. നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഈ ട്രെയിനിൽ കൂടുതൽ ബോഗികൾ അനുവദിക്കണമെന്നാവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
പതിവുള്ള തിക്കും തിരക്കിനും പുറമെയാണിപ്പോൾ വടകരക്കും കോഴിക്കോടിനും ഇടയിൽ വന്ദേഭാരതിനു വേണ്ടി പരശുറാം പിടിച്ചിടുന്നതു മൂലമുള്ള പ്രയാസം. ഇത്, പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് യാത്രക്കാർ. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിദ്യാർഥികളുൾപ്പെടെ ഒട്ടേറെ പേർ തിക്കിലും തിരക്കിലും അവശരായി കുഴഞ്ഞു വീണ സംഭവമാണിതിനു തെളിവായി ചൂണ്ടികാണിക്കുന്നത്.
ഇന്നലെ രാവിലെ 25 മിനിറ്റ് വൈകി 8.35നാണു 16649 മംഗളൂരു-നാഗർകോവിൽ പരശുറാം കൊയിലാണ്ടിയിലെത്തിയത്. വന്ദേഭാരതിനു വേണ്ടി പിന്നെയും 20 മിനിറ്റ് തടഞ്ഞുവെച്ചു. നിന്നു തിരിയാനിടമില്ലാത്ത ട്രെയിൻ അവിടെ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെടുമ്പോഴേക്കും പല യാത്രക്കാരും ക്ഷീണിതരായിരുന്നു. ട്രെയിൻ കൊയിലാണ്ടി വിട്ടയുടൻ രണ്ടു വിദ്യാർഥിനികൾ കുഴഞ്ഞു വീണു. ട്രെയിൻ കോഴിക്കോട്ട് എത്തുമ്പോഴാണ് ഒരു യാത്രക്കാരി കൂടി കുഴഞ്ഞുവീണത്. സഹയാത്രികർ സഹായിച്ച് സ്‌റ്റേഷനിൽ ഇറക്കുകയായിരുന്നു. ഈ വിഷയത്തിൽ റെയിൽവെ അധികൃതരുടെ അടിയന്തര ശ്രദ്ധയുണ്ടാവണമെന്നാണ് പൊതുവായ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.