കോട്ടയം: ‘‘ജനക്കൂട്ടം ചുറ്റിലുംനിന്ന് അടിക്കുകയായിരുന്നു. തലക്കാണ് കൂടുതലും അടിച്ചത്. ഒന്നേകാൽ മണിക്കൂറോളം അടിച്ചു. പലകുറി അടികൊണ്ട് നിലത്തുവീണു. വീണു കിടക്കുമ്പോഴും തല്ല് നിർത്തിയില്ല. മനുഷ്യനെന്ന നിലയിലുള്ള കരുണപോലും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. അവർക്ക് അനുകമ്പ പശുക്കളോട് മാത്രമാണല്ലോ...’’
സംഘ്പരിവാർ ആൾക്കൂട്ട ആക്രമണം നേരിട്ട പാസ്റ്റർ സി.പി. സണ്ണിയുടെ മുഖത്ത് ആ നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ ഇപ്പോഴും ഭയം നിറയുന്നു. ബിഹാറിൽ സുവിശേഷപ്രവർത്തകനായിരുന്ന കോട്ടയം മുട്ടുചിറ കല്ലുകാലായിൽ സണ്ണിയെ മതപരിവർത്തനം ആരോപിച്ചാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. മാർച്ച് മൂന്നിന് ബിഹാറിലെ ജമോയ് ജില്ലയിലായിരുന്നു സംഭവം. ഞായറാഴ്ച പ്രാർഥനക്കിടെ ഹാളിൽനിന്ന് അക്രമിസംഘം പാസ്റ്ററെ വലിച്ചുപുറത്തിടുകയായിരുന്നു. ഭാര്യ കൊച്ചുറാണി പോളിന്റെ മുന്നിലായിരുന്നു ആക്രമണം. ഇവർ അലറിക്കരഞ്ഞിട്ടും അലിവൊന്നും കാട്ടിയില്ല. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും മർദനമേറ്റു.
‘‘എന്റെ കൂടെ നാട്ടുകാരനായ ഒരാളുണ്ടായിരുന്നു. അദ്ദേഹം എന്താണ് പ്രശ്നമെന്ന് ചോദിച്ചു. ഉടനെ അവർ അവനെയും അടിച്ചു. ബഹളംകേട്ട് വിശ്വാസികൾ ഇറങ്ങിവന്നപ്പോൾ, പൈസ കൊടുത്താണോ ഇവരെ മാറ്റിയതെന്ന് ചോദിച്ചു. ഞാൻ അല്ലെന്ന് പറഞ്ഞപ്പോഴും അടി തുടങ്ങി. ഇതിനിടെ നിർബന്ധിച്ച് ജയ്ശ്രീറാം വിളിപ്പിച്ചു. ഇതിനിടയിൽ ബൈക്കിൽ വന്ന ഒരാൾ മുഖത്തടിച്ചിട്ട് പോയി. വന്ന സംഘം പിന്നീട് കൂടുതൽപേരെ വിളിച്ചുവരുത്തി. വന്നവരെല്ലാം അടിച്ചു. തുടർച്ചയായുള്ള മർദനത്തിനുശേഷം ജനക്കൂട്ടം വഴിയിലൂടെ ഞങ്ങളെ നടത്തിച്ചു. പോകുന്നതിനിടയിൽ ഹനുമാന്റെ പ്രതിമയുള്ള അമ്പലംപോലുള്ള ഒന്നുണ്ട്. അവിടെ കിടത്തി. ഞായറാഴ്ച ഉപവാസമായിരുന്നതിനാൽ ഭക്ഷണം കഴിച്ചിരുന്നില്ല. ഇതിനൊപ്പം മർദനവുമായതോടെ തീർത്തും അവശനിലയിലായി...’’ -കലങ്ങിയ കണ്ണുകളോടെ അദ്ദേഹം പറഞ്ഞു.
സംഭവത്തിനുശേഷം അവിടെ നിൽക്കാൻ കഴിയാത്തതിനാൽ നാട്ടിലേക്ക് മടങ്ങിയ പാസ്റ്റർ സണ്ണി, നിലവിൽ മുട്ടുചിറയിലെ വീട്ടിൽ വിശ്രമത്തിലാണ്. കഴുത്തിനടക്കം പരിക്കേറ്റതിനാൽ രണ്ടാഴ്ചയോളം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴുത്തിലെ ക്ഷതം പൂർണമായും മാറിയിട്ടില്ല. ബിഹാർ പൊലീസിൽ പരാതി നൽകിയിട്ട് പ്രയോജനമില്ലാത്തതിനാൽ നിയമനടപടികളിലേക്ക് പോകാനില്ലെന്നും സണ്ണി പറയുന്നു. 30 വർഷമായി വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സുവിശേഷപ്രവർത്തനം നടത്തിവരുകയായിരുന്നു ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.