പത്തനംതിട്ട: പത്തനംതിട്ടയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആൻറണിയെ സർപ്രൈസ് സ്ഥാനാർഥിയായി അവതരിപ്പിച്ചതോടെ തുടങ്ങിയ അസ്വാരസ്യങ്ങൾ ബി.ജെ.പിയിൽ പൊട്ടിത്തെറിയിലേക്ക്. പി.സി. ജോർജിനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച കർഷകമോർച്ച പത്തനംതിട്ട ജില്ല പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. സംസ്ഥാന-ജില്ല നേതാക്കൾ പിതൃശൂന്യ നിലപാടാണ് സ്വീകരിച്ചതെന്നുൾപ്പെടെ അധിക്ഷേപിക്കുന്ന തരത്തിലാണ് ശ്യാം പ്രതികരിച്ചത്.
പി.സി. ജോർജിന് സീറ്റ് ലഭിക്കില്ലെന്ന് നേരത്തേ അറിഞ്ഞ ശ്യാം രണ്ടുദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയിരുന്നു. പി.സി. ജോർജിനെ പരിഗണിക്കാൻ തടസ്സമെന്തെന്നായിരുന്നു ചോദ്യം. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് നേതൃത്വത്തിൽനിന്ന് ഒഴിയുകയാണെന്നും വ്യക്തമാക്കി.
എൻ.ഡി.എ സ്ഥാനാർഥിക്കുവേണ്ടി പാർട്ടിക്കൊപ്പം പ്രവർത്തിക്കുമെന്നും പോസ്റ്റ് നിമിത്തം തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും പറഞ്ഞിരുന്നു. എന്നാൽ, അനിൽ ആന്റണിയുടെ സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് ഞായറാഴ്ച നേതൃത്വത്തെ വിമർശിച്ച് ശ്യാം വീണ്ടും പോസ്റ്റിട്ടു. ജില്ല പ്രസിഡന്റിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ശ്യാമിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. അനിലിന്റെ സ്ഥാനാർഥിത്വത്തിൽ ചിറ്റാറിലെ നേതാവും പരസ്യ പ്രതികരണം നടത്തി.
തിരുവനന്തപുരം: പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ പി.സി. ജോർജിന് അതൃപ്തിയുള്ളതായി അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിൽ ആന്റണിക്കായി പി.സി. ജോർജ് ഉൾപ്പെടെ എല്ലാവരും രംഗത്തിറങ്ങും. സംസ്ഥാനത്ത് ശമ്പളം മുടങ്ങാൻ കാരണം കേന്ദ്ര സർക്കാറാണെന്ന് പറയുന്ന ധനമന്ത്രി ബാലഗോപാലിന് തലക്ക് വെളിവില്ലാതായെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.