മേപ്പാടി: ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾ പരിശോധനക്ക് മണിക്കൂറുകളോളം ക്യൂവിൽ. ഇതോടെ രോഗികളായെത്തുന്നവരും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റവും ബഹളവും പതിവാണ്.
ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയപ്പോഴും ഡോക്ടർമാരുടെ ഒഴിവ് നികത്താൻ നടപടിയുണ്ടായില്ല. സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരുന്നില്ല. മെഡിക്കൽ ഓഫിസറടക്കം മൂന്ന് സ്ഥിരം ഡോക്ടർമാരാണ് ഇവിടെയുള്ളത്. രണ്ട് എൻ.ആർ.എച്ച്.എം. ഡോക്ടർമാരുണ്ടായിരുന്നത് കോവിഡിനുശേഷം ഒന്നായി ചുരുങ്ങി.
തോട്ടം തൊഴിലാളികൾ, സാധാരണക്കാർ, ആദിവാസികൾ, വയോജനങ്ങൾ എന്നിവരാണ് ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായത്. ദിനംപ്രതി ശരാശരി 400നും 500നുമിടയിലാണ് രോഗികളുടെ എണ്ണം.
മെഡിക്കൽ ഓഫിസർ ഏതെങ്കിലും യോഗത്തിന് പോകേണ്ടിവന്നാൽ ഇത്രയും രോഗികളെ പരിശോധിക്കാൻ ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമേ ഉണ്ടാകൂ. രാവിലെ ഒമ്പതു മുതൽ കാത്തുനിന്ന് ക്ഷമകെട്ട രോഗികളും ആശുപത്രി അധികൃതരും തമ്മിലുള്ള സംഘർഷത്തിന് ഇത് കാരണമാകാറുണ്ട്. കാത്തുനിൽക്കുന്ന രോഗികളെ പരിഗണിക്കാതെ ഡ്യൂട്ടിയിലുള്ള ചില ഡോക്ടർമാർ പുറത്തിറങ്ങി സ്വന്തം കാര്യങ്ങളിൽ മുഴുകി സമയം ചെലവഴിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
പരാതിപ്പെട്ടാൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാത്തതിനാൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ചീഫ് മെഡിക്കൽ ഓഫിസറിൽനിന്ന് ലഭിക്കുകയെന്ന് രോഗികൾ പറയുന്നു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പാണ് നിയമനം നടത്തേണ്ടത്. വകുപ്പിനുമേൽ സമ്മർദം ചെലുത്താൻ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.