ചൊക്ലി: 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചൊക്ലിയിലെ ആണ്ടിപ്പിടിക, മേക്കുന്ന് പ്രദേശങ്ങളിലെ കോളനികളിൽ താമസിക്കുന്ന 40 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ പഞ്ചായത്ത് നടപടി തുടങ്ങി. കഴിഞ്ഞ ഭരണസമിതി പട്ടയം ലഭ്യമാക്കിയ 16 കുടുബങ്ങൾക്ക് പുറമേയാണ് 40 കുടുംബങ്ങളെക്കൂടി പരിഗണിക്കുന്നത്. ഇരട്ട വീടുകളിൽ ദുരിതപൂർണമായി ജീവിക്കുന്നവർക്കാണ് ഇതുവഴി ആശ്വാസം ലഭിക്കുക. പട്ടയം ലഭിക്കുന്നതോടെ ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാനും മറ്റ് ആനുകൂല്യം ലഭിക്കുന്നതിനും തടസ്സമുണ്ടാവില്ല.
ഗുണഭോക്താക്കളെ നിശ്ചയിച്ച ശേഷം അഞ്ചാം വാർഡിലെ ആണ്ടിപ്പീടിക, എട്ടാം വാർഡിലെ മേക്കുന്ന് തൈപ്പറമ്പത്ത് എന്നീ കോളനികളിൽ പഞ്ചായത്ത് അധീനതയിലുള്ള ഭൂമി താലൂക്ക് അളന്ന് തിട്ടപ്പെടുത്തും. ഗുണഭോക്താക്കളുടെ പേരിൽ പഞ്ചായത്ത് അനുവാദ പത്രിക ലഭ്യമാക്കിയാൽ പട്ടയത്തിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ വില്ലേജ് ഓഫിസർക്ക് തലശ്ശേരി തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്.
നവകേരള സദസ്സിൽ കർഷക തൊഴിലാളി യൂനിയൻ മേനപ്രം വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ടി. ജയേഷ് നൽകിയ നിവേദനത്തെ തുടർന്നാണ് തലശ്ശേരി തഹസിൽദാർ നിർദേശം നൽകിയത്. വീട് നിർമിക്കാൻ ലൈഫ് ഭവനപദ്ധതി ഉൾപ്പെടെ ഉപയോഗപ്പെടുത്തും. ആണ്ടിപ്പീടികയിലെ ഭൂമിയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ, അംഗൻവാടി, കുടിവെള്ള പദ്ധതി എന്നിവയുണ്ട്. മേക്കുന്നിൽ എം.സി.എഫ്, വനിത റിക്രിയേഷൻ സെന്റർ, ശലഭം അംഗൻവാടി, കുടിവെള്ള പദ്ധതി എന്നിവയും പ്രവർത്തിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ, പഞ്ചായത്തംഗം പി.വി. ഷീജ, മുൻ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ടി. ജയേഷ്, ജൂനിയർ സൂപ്രണ്ട് സി. അജിത്ത് കുമാർ, സീനിയർ ക്ലർക്ക് പി. ശ്രീനാഥൻ, വികസനസമിതി കൺവീനർമാരായ കെ.കെ. കനകരാജ്, എൻ. അനിൽകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അളന്ന് തിട്ടപ്പെടുത്തിയശേഷം നാല് സെന്റ് ഭൂമിയുടെ അനുവാദപത്രിക എത്രയും വേഗം വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.