പുനലൂർ: പുനലൂർ പേപ്പർമിൽ മേഖലയിലെ ആയിരത്തിലധികം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് മുന്നോടിയായി കൈവശ ഭൂമി അളന്ന് തിട്ടപ്പെടുത്തൽ ആരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച പ്രാരംഭവിവരശേഖരണ നടപടികൾ പൂർത്തിയായതിന് ശേഷം വെള്ളിയാഴ്ച മുതലാണ് ഓരോ കുടുംബത്തിേൻറയും കൈവശത്തിലുള്ള ഭൂമിയുടെ അളവ് നിർണയം തുടങ്ങിയത്. ഇന്നലെ പുനലൂർ നഗരസഭ പരിധിയിലുള്ള കാഞ്ഞിരമല വട്ടക്കാല പ്രദേശത്ത് നിന്നാണ് അളവ് തുടങ്ങിയത്.
സാറ്റലൈറ്റ് സങ്കേതങ്ങളുടെ സഹായത്തോടെയാണ് ഭൂമിയുടെ അളവ് നടത്തുന്നത്. സർവേ നടപടിക്കായി രണ്ട് ടോട്ടൽ സ്റ്റേഷൻ മെഷീൻ ഉൾപ്പെടെ ഏഴംഗ സംഘത്തെ റവന്യൂവകുപ്പ് നിയമിച്ചിരുന്നു. പുനലൂർ ഭാഗത്തെ അളവ് പൂർത്തിയായാൽ അടുത്ത ദിവസങ്ങളിലായി വിളക്കുടി പഞ്ചായത്ത് അതിർത്തിയിലുള്ള ശാസ്ത്രിതോപ്പ്, മൂന്നാംഗേറ്റ് തുടങ്ങിയ ഭാഗങ്ങളിൽ അളവ് നടക്കും. ഇതുകൂടി പൂർത്തിയായാൽ അവസാന ഘട്ട മഹസർ തയാറാക്കി റവന്യൂസംഘം നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാറാണ് പട്ടയം നൽകുന്നതിെൻറ തീരുമാനം എടുക്കേണ്ടത്. സർവേയുടെ പുരോഗതി വിലയിരുത്താൻ ജില്ല സർവേ സൂപ്രണ്ട് ടി. ശ്രീകുമാർ ഇന്നലെ സ്ഥലത്തെത്തിയിരുന്നു.
ഈ മേഖലയിൽ സർക്കാറിന് അവകാശപ്പെട്ട ഭൂമിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങളാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. അവസാനത്തെ കണക്ക് പ്രകാരം 1200 ഓളം കുടുംബങ്ങൾ പട്ടയത്തിന് അവകാശികളായുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അർഹരായ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം അനുവദിക്കാനുള്ള നടപടിയാണ് നടക്കുന്നത്. കാലതാമസം ഒഴിവാക്കാൻ ഭൂമിയുടെ അളവ് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പേപ്പർമിൽ സമരിസമിതി നേതാക്കാളായ ടൈറ്റസ് സെബാസ്റ്റ്യൻ, അഡ്വ. എഫ്. കാസ്റ്റ്ലസ് ജൂനിയർ, പി.എസ്. സുപാൽ എന്നിവർ ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ഇവർ സൂപ്രണ്ടടക്കമുള്ള സംഘത്തിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. പുനലൂർ സഹകരണ ബാങ്ക് പ്രസിഡൻറ് എ.ആർ. മുഹമ്മദ് അജ്മൽ, വൈസ് പ്രസിഡൻറ് ജെ. ഡേവിഡ്, കൗൺസിലർ ഷംല ഷെമീർ, എ.ഐ.വൈ.എഫ് നേതാവ് വി.എസ്. പ്രവീൺകുമാർ, മുൻ കൗൺസിലർ ആർ. വിനയൻ എന്നിവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.