തിരുവനന്തപുരം: കോഴിക്കോട് കോടഞ്ചേരി മുൻ സ്പെഷ്യൽ വില്ലേജ് ഓഫീസർ യു.കെ അബ്ദുൾ മജീദിന്റെ പ്രതിമാസ പെൻഷനിൽ നിന്നും 500 രൂപ സ്ഥിരമായി കുറവ് ചെയ്യുന്നതിന് റവന്യൂവകുപ്പിന്റെ ഉത്തരവ്. ഔപചാരിക അന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിലും നേരിൽ കേട്ട വേളയിലെ വാദങ്ങളുടെ അടിസ്ഥാനത്തിലും അബ്ദുൽ മീദിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി വ്യക്തമായി.
കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ എം.എച്ച്.സുബൈദ കോടഞ്ചേരി വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറും യു.കെ അബ്ദുൾ മജീദ് വില്ലേജ് അസിസ്റ്റന്റും ആയിരുന്നു. യാതൊരു രേഖകളും ഇല്ലാതെ കുന്ദമംഗലം ലാൻഡ് ട്രിബ്യൂണലിൽ നിന്നും പട്ടയം അനുവദിച്ച നൂറാംതോട് കരിമ്പിൽ എന്ന സ്ഥലത്ത് റീസർവേ 15/1 ൽ ഉൾപ്പെട്ട അധിക ഭൂമിക്ക് ഈ രണ്ട് ഉദ്യോഗസ്ഥരും കൈവശ സർട്ടിഫിക്കറ്റ്, നികുതി രസീത് എന്നിവ അനുവദിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തയതി.മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയും, 1964ലെ നോട്ട് ഫൈനൽ സർവെ രേഖകൾ പരിശോധിക്കാതെയുമാണ് നിയമാനുസൃതമല്ലാത്ത കൈവശ സർട്ടിഫിക്കറ്റ് നൽകിയതെന്നും വ്യക്തമായി.
അധിക ഭൂമിക്ക് ആധാരവും രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉത്തരമേഖല റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കലക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന എം.എച്ച് സുബൈദ, വില്ലേജ് അസിസ്റ്റന്റ് ആയിരുന്നു യു.കെ അബ്ദുൾ മജീദ് എന്നിവർക്ക് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കോഴിക്കോട് കലക്ടർ കഠിന ശിക്ഷക്കുള്ള അച്ചടക്ക നടപടിക ആരംഭിക്കുകയും 2019 ജൂലൈ 19ന് കുറ്റപത്രം നൽകി. ഇതിനിടയിൽ 2019 ജൂൺ 30ന് യു.കെ അബ്ദുൾ മജീദ് സർവീസിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ സർക്കാർ തലത്തിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കലക്ടർ ശിപാർശ ചെയ്തു.
അബ്ദുൾ മജീദിന്റെ മേൽ ആരോപിച്ചിരിക്കുന്ന വീഴ്ചകളുടെ ഗൗരവം കണക്കിലെടുത്ത് ഈ വിഷയത്തിൽ ഡെപ്യൂട്ടി കലക്ടറായിരുന്ന കെ.ഹിമയെ ഔപചാരിക അന്വേഷണ ഉദ്യോഗസ്ഥയായി നിയമിച്ചു.
മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയും ഭൂമിയുടെ ഉടമസ്ഥാവകാശം, കൈവശം എന്നിവ പരിശോധിക്കാതെയുമാണ് നികുതി അടച്ചുകൊടുത്തതെന്ന് റിപ്പോർട്ട് നൽകി. തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി വകുപ്പിലെ അണ്ടർസെക്രട്ടറി 2023 ജൂലൈ 25ന് അബ്ദുൽ മജീദിനെ നേരിൽ കേട്ടു. അതിനുശേഷമാണ് റവന്യൂവകുപ്പ് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.