കോൺഗ്രസ് എന്ന പാർട്ടി ഇന്ന് കേരളത്തിലില്ലെന്ന് മുതിർന്ന നേതാവ് പി.സി ചാക്കോ. കോൺഗ്രസ് പാർട്ടിയുടെ അപചയത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്നും രാജിക്കത്ത് ദേശീയ നേതൃത്വത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതി മാത്രമാണ് കേരളത്തിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റുകളില്ല. എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും മാത്രമേ സീറ്റുകളുള്ളൂ. പ്രദേശ് സെലക്ഷൻ കമ്മിറ്റിയിൽ സ്ഥാനാർഥികളുടെ പേര് റിപ്പോർട്ട് ചെയ്യുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല.
കേരളത്തിൽ കോൺഗ്രസ് നേരിടുന്നത് കടുത്ത അപചയമാണ്. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിലുള്ള പേരുകളാണ് സ്ക്രീനിങ് കമ്മിറ്റിയിലേക്ക് നൽകിയിട്ടുള്ളത്. സ്ക്രീനിങ് കമ്മിറ്റിക്ക് നൽകുന്നതിന് മുമ്പ് പേരുകൾ പാർട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ല. ഇത്രയധികം ജനാധിപത്യം ഇല്ലാത്ത പാർട്ടി വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുകാരനായിരിക്കുക എന്നത് അഭിമാനകരമാണ്. എന്നാൽ, കേരളത്തിലിപ്പോൾ കോൺഗ്രസ് ഇല്ല. ഗ്രൂപ്പുകാരനായിരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. അതിന് സാധിക്കാത്തത് കൊണ്ടാണ് രാജിവെക്കുന്നത്.
കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയിൽ വളരെ നന്നായി പ്രവർത്തിച്ച വി.എം സുധീരനെ ശ്വാസം മുട്ടിച്ച് പുറത്താക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഗ്രൂപ്പ് പ്രവർത്തനത്തിന് ഹൈക്കമാന്‍റ് സംരക്ഷണം നൽകുകയാണ്. ദേശീയ തലത്തിൽ പാർട്ടിക്ക് ഇപ്പോൾ ഒരു നേതൃത്വമില്ല. ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയതിൽ തനിക്ക് പങ്കില്ലെങ്കിലും കത്തിലെ ആവശ്യം ന്യായമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ-നിയമസഭകളിൽ നിരവധി തവണ അംഗമായിരുന്നു പി.സി. ചാക്കോ. മന്ത്രിസഭ, വിവിധ പാർലമെന്ററി കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.