കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അതിജീവതയെ അധിക്ഷേപിച്ചുകൊണ്ട് പി.സി. ജോർജ്. കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോശം പരാമർശം നടത്തിയത്. നടിയെ ആക്രമിച്ച കേസ് ഉണ്ടായ ശേഷം ഇപ്പോൾ അതിജീവിതക്ക് നിരവധി സിനിമകൾ കിട്ടുന്നുണ്ടെന്ന് ജോർജ് പറഞ്ഞു. 'ആ ഇഷ്യൂ കൊണ്ട് നടിക്ക് ലാഭമേ ഉണ്ടായിട്ടുള്ളൂ. ലാഭമല്ലാതെ നഷ്ടമുണ്ടായിട്ടില്ല. നിങ്ങൾ പറയുന്നത് പോലെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഒരു സ്ത്രീ എന്ന നിലയിൽ ജീവിതത്തിൽ വലിയ നഷ്ടം ഉണ്ടാകും. എന്നാൽ, അവർക്ക് എത്ര സിനിമ കിട്ടി' -ജോർജ് പറഞ്ഞു. കേസ് ഉണ്ടായത് കൊണ്ട് ആണ് അതിജീവതയെ എല്ലാവരും അറിഞ്ഞത് എന്നും ജോർജ് പറഞ്ഞു.
വിവാദ പരാമർശം മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തിട്ടും തിരുത്താൻ ജോർജ് തയ്യാറായില്ല. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും നിങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ കേസ് എടുത്തോളൂ എന്നുമായിരുന്നു മറുപടി. 'അതിജീവത എന്ന വാക്കിന്റെ അർഥം തന്ന എനിക്ക് അറിയില്ല. അതിജീവിതയെ തനിക്ക് മുൻപ് അറിയില്ല. അവരെ പീഡിപ്പിച്ചെന്ന് പറയുന്ന ചുനിയോ കിനിയോ അവനേം കണ്ടിട്ടില്ല. കാശ് കൊടുത്തു എന്ന് നിങ്ങൾ പറയുന്ന നടൻ ദിലീപിനേം ഞാൻകണ്ടിട്ടില്ല. 15 കൊല്ലമായി കണ്ടിട്ടില്ല. ഞാൻ അധികം സിനിമ കാണുന്ന ആളല്ല. സിനിമാ നടൻമാരെയും നടിമാരെയും വിളിക്കാറില്ല. ഇലക്ഷനിൽ അവരെക്കൊണ്ട് പാട്ട് പാടിക്കാറില്ല. എന്റെ സ്വന്തം കഴിവ് കൊണ്ട് ജയിക്കും. അല്ലേൽ തോൽക്കും' -ജോർജ് പറഞ്ഞു.
ഇ.ഡി. അന്വേഷണത്തെ എതിർത്തുകൊണ്ട് തോമസ് ഐസക് നടത്തിയ പരാമർശങ്ങളെയും പി.സി. ജോർജ് തള്ളിക്കളഞ്ഞു. 'അന്വേഷണത്തെ ഒരു രീതിയിലും ഭയപ്പെടുന്നില്ല എന്ന് പറഞ്ഞശേഷം കോടതിയെ സമീപിച്ചത് പരിഹാസ്യമാണ്. തോമസ് ഐസക്കിനെ ന്യായീകരിച്ചുകൊണ്ട് വി.ഡി. സതീശൻ എത്തിയത് കേരളത്തിലെ മച്ചാൻ മച്ചാൻ കളിയുടെ ഭാഗമാണ്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ മച്ചാൻ മച്ചാൻ കളിയാണ്. മാത്രമല്ല ദില്ലിയിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് കൂടിയാണ് തോമസ് ഐസക്കിനെതിരായ ഇ.ഡി. അന്വേഷണത്തെ സതീശൻ എതിർക്കുന്നത്. സതീശന് ഈഡിയെ എതിർക്കാതെ മറ്റൊരു വഴിയുമില്ല' -ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.