കൊച്ചി: മതവിദ്വേഷ പ്രസംം നടത്തിയ കേസിൽ അറസ്റ്റിലായ പി.സി ജോർജിന്റെ രക്തസമ്മർദത്തിൽ വ്യത്യാസം. ശാരീരിക അസ്വസ്ഥതയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടത്.
രാത്രി എട്ടരയോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധനക്ക് എത്തിച്ച അദ്ദേഹത്തിന് രക്തസമ്മർദത്തിൽ വ്യതിയാനം കണ്ടു. തുടർന്ന് ഇവിടെത്തന്നെ ഒരു മണിക്കൂർ നിരീക്ഷണത്തിലാക്കി. തുടർന്ന്, തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കൊച്ചിയിൽ നിന്നുള്ള പൊലീസ് വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.
വെണ്ണല മതവിദ്വേഷ പ്രസംഗക്കേസിനു പിന്നാലെ തിരുവനന്തപുരം കേസിലും മുൻ എം.എൽ.എ പി.സി. ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വെണ്ണല കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചി പൊലീസ് ജോർജിനെ വിഴിഞ്ഞം ഫോർട്ട് പൊലീസിന് കൈമാറിയിരുന്നു. വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഈ കേസിൽ ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് മകൻ ഷോൺ ജോർജിനൊപ്പം പാലാരിവട്ടം സ്റ്റേഷനിൽ പി.സി. ജോർജ് ഹാജരായത്. പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്നായിരുന്നു ഇത്. ഇവിടെ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യം ലഭിച്ച ജോർജ് വെണ്ണലയിൽ വിദ്വേഷ പ്രസംഗം ആവർത്തിച്ചതോടെ രണ്ടു കേസിലും അറസ്റ്റ് ചെയ്യുകയായിരുന്നു.
വിദ്വേഷ പ്രസംഗം ആവർത്തിച്ചതോടെ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ മൊഴിനൽകാൻ പാലാരിവട്ടം സ്റ്റേഷനിലെത്തിയ ജോർജിനെ കസ്റ്റഡിയിലെടുത്ത് കളമശ്ശേരി എ.ആർ ക്യാമ്പിലേക്ക് മാറ്റി സിറ്റി പൊലീസ് മൊഴിയെടുത്തു. തുടർന്നാണ് വെണ്ണല കേസിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട്, തിരുവനന്തപുരം വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി ഈ കേസിലും അറസ്റ്റ് ചെയ്യുകയായിരുന്നു.
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞ പരിപാടിയിൽ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയതാണ് തുടർനടപടികൾക്ക് വഴിവെച്ചത്. സംഭവം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയത്. അതേസമയം, വെണ്ണല കേസിൽ ഹൈകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് മൊഴിനൽകാൻ അദ്ദേഹം പാലാരിവട്ടത്തേക്ക് പുറപ്പെട്ടത്. രാവിലെ 10.30ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.
ഉച്ചകഴിഞ്ഞ് എത്താമെന്ന് അറിയിച്ച ജോർജ് ഇവിടേക്ക് വരും വഴി യാത്രമധ്യേയാണ് അനന്തപുരി കേസിലെ ജാമ്യം കോടതി റദ്ദാക്കിയത്. ഇതോടെ ഹാജരാകാതെ മടങ്ങിയേക്കുമെന്നതടക്കം അഭ്യൂഹങ്ങൾ പരന്നു. ഇതിനിടെ ഉച്ചക്ക് 2.30ന് ജോർജിനെതിരെ പ്രതിഷേധവുമായി പാലാരിവട്ടം സ്റ്റേഷന് മുന്നിലെത്തിയ പി.ഡി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.
തുടർന്ന് അദ്ദേഹത്തിന് ഐക്യദാർഢ്യവുമായി ബി.ജെ.പി നേതാക്കളും പ്രവർത്തകരുമെത്തി. മൂന്നേകാലോടെ ജോർജിന്‍റെ വാഹനം എത്തിയതോടെ ബി.ജെ.പി പ്രവർത്തകർ ചുറ്റുംകൂടി. പുറത്തിറങ്ങിയ ജോർജും മകൻ ഷോൺ ജോർജും ബി.ജെ.പിക്കാരെ അഭിവാദ്യം ചെയ്ത് സ്റ്റേഷനിലേക്ക് കയറി. ഈസമയം സ്ഥലത്തെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ എന്നിവർ അനുവാദം വാങ്ങി സ്റ്റേഷനുള്ളിൽ കയറി. വിഴിഞ്ഞം പൊലീസ് കൊച്ചിയിലെത്താൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ 4.15ഓടെ ജോർജിനെ കളമശ്ശേരി എ.ആർ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.
കിഴക്കേക്കോട്ട വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ പി.സി ജോർജ് നാളെ ഹൈകോടതിയെ സമീപിക്കും. ജാമ്യവ്യവസ്ഥകളുടെ ലംഘനം എന്ന പേരിൽ തെറ്റായ വിവരങ്ങൾ തിരുവനന്തപുരത്തെ കോടതിയിൽ നൽകിയാണ് പ്രോസിക്യൂഷൻ തന്‍റെ ജാമ്യം റദ്ദാക്കിയതെന്നാണ് ജോർജ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.