തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ സി.പി.എമ്മിനെ സംശയമുനമ്പിൽ നിർത്തി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അടിയന്തരപ്രമേയചർച്ചക്കിടയിലാണ് ആഭ്യന്തരവകുപ്പിനെയും സി.പി.എമ്മിനെയും സതീശൻ കടന്നാക്രമിച്ചത്.
ആക്രമണം നടന്ന എ.കെ.ജി സെന്‍ററിലെ ഗേറ്റിന്‍റെ ഭാഗത്ത് കന്‍റോൺമെന്‍റ് പൊലീസിന്‍റെ ജീപ്പ് സാധാരണ ഉണ്ടാകാറുള്ളതാണെന്നും എന്നാൽ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് ശേഷം പട്രോളിങ് ജീപ്പ് പിന്‍വലിച്ചതായും സതീശൻ ആരോപിച്ചു. ആ ജീപ്പ് ആര് മാറ്റിയെന്ന് കണ്ടെത്തണം. പൊലീസ് സ്‌ട്രൈക്കേഴ്‌സ് ടീം കാവല്‍ നില്‍ക്കുമ്പോള്‍ എ.കെ.ജി സെന്‍ററില്‍ എങ്ങനെയാണ് ബോംബാക്രമണം ഉണ്ടായത്? പൊലീസ് നിരീക്ഷണമുള്ള ഇവിടെനിന്ന് എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? സി.സി.ടി.വി കാമറകളിലൊന്നും പതിയാത്ത ഈ അക്രമി ആരാണ്? കഥാകൃത്ത് സക്കറിയ എഴുതിയത് പോലെ പറക്കും സ്ത്രീയാണോ ബോംബെറിഞ്ഞത്? ആരാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയില്ലെങ്കിലും ഇ.പി. ജയരാജന്‍ പറഞ്ഞത് കോണ്‍ഗ്രസുകാരാണെന്നാണ്. ജയരാജന് എങ്ങനെ ഈ വിവരം കിട്ടി. എന്തുകൊണ്ട് ജയരാജനെ പൊലീസ് ചോദ്യം ചെയ്യുന്നില്ല.
എ.കെ.ജി സെന്‍റര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെച്ച് കലാപാഹ്വാനമാണ് ഇ.പി. ജയരാജന്‍ നടത്തിയത്. ഇടിമിന്നലിെനക്കാള് ശബ്ദമുണ്ടായെന്നും താഴെ വീഴാന്‍ പോയെന്നുമാണ് ശ്രീമതി ടീച്ചര്‍ പറഞ്ഞത്. എന്തിനാണ് ഇങ്ങനെ അതിശയോക്തി പറഞ്ഞ് കലാപാഹ്വാനം നല്‍കിയത്? അമ്പലപ്പുഴയില്‍ പ്രകോപന മുദ്രാവാക്യങ്ങളുമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷനേതാവും കൈക്കരുത്ത് അറിയുമെന്ന് ഇതേ എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എന്നിട്ടും കേസെടുത്തില്ല.
എ.കെ.ജി സെന്‍ററില്‍ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിന്‍റെ പേരില്‍ കേസെടുത്തു. സാധാരണക്കാരനെ കൊലപ്പെടുത്തി അവരുടെ ഖബറില്‍ കുത്തിയിറക്കാനുള്ളതാണോ നിങ്ങളുടെ ഈ ചെങ്കൊടി. പോപുലര്‍ ഫ്രണ്ട് വിളിച്ച മുദ്രാവാക്യവും ഇതുതന്നെയായിരുന്നില്ലേ. നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നതെന്നും സതീശൻ ചോദിച്ചു. വിവാദങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് സി.പി.എം എ.കെ.ജി സെന്‍റര്‍ ആക്രമണമെന്ന പദ്ധതിയുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇതിന് പിന്നിൽ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും സതീശൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.