ചെറുവത്തൂർ: കാർഷികരംഗത്തെ മികവുകൊണ്ട് ലോക പ്രശസ്തിയാർജിച്ച പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണകേന്ദ്രം ഫാം കാർണിവലിന് ഒരുങ്ങി. കർഷകസമൂഹത്തിനും പൊതുജനങ്ങൾക്കുമായി രണ്ടാമത്തെ ഫാം കാർണിവലാണ് നടക്കുന്നത്. വിവിധ വിളകളും വിളകളുടെ ബയോപാർക്കുകളും ശാസ്ത്ര - സാങ്കേതിക വിദ്യകളുടെ ഡെമോൺസ്ട്രേഷനുകളും വിവിധ മേഖലകളുടെ പ്രായോഗിക പരിശീലനങ്ങളും വിത്ത് - നടീൽ വസ്തുക്കളുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും വിപണനമേളയും സൗജന്യ ബഹുമുഖ ചികിത്സയും ഒന്നര കിലോമീറ്ററിനുള്ളിൽ ക്രമീകരിച്ച് ഇത്തവണ ഫാംകാർണിവൽ ഒരുക്കിയിട്ടുള്ളത്.
സങ്കരയിനം തെങ്ങിൻതൈകളടക്കം വിവിധ നടീൽ വസ്തുക്കൾ, അടുക്കളത്തോട്ട കിറ്റ്, വിവിധ ജൈവ ഉൽപാദന ഉപാധികൾ, ഫാമിൽനിന്ന് അപ്പപ്പോൾ പറിച്ചുതരുന്ന ഫ്രഷ് ഫ്രം ഫാം ചീര, പച്ചക്കറി – നെൽ വിത്തുകൾ, തെങ്ങ് – നെല്ല് ഉൽപന്നങ്ങൾ എന്നിവ മേളയുടെ പ്രത്യേകതയാണ്. സാധാരണ ഫെസ്റ്റിൽ കാണുന്നതുപോലെ കെട്ടിയിട്ട സ്റ്റാളിൽ ഒരുക്കുന്നതിന് പകരം, കൃഷിയിടത്തിൽ ലൈവായി പ്രദർശിപ്പിക്കുക എന്നതാണ് ഈ ഫാം കാർണിവലിന്റെ പ്രത്യേകത.
കൃഷിയും ഭക്ഷണവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടതാണെന്ന് ഓർമപ്പെടുത്തുന്ന മെഡിറ്റേഷൻ, യോഗ, പ്രകൃതി, ചികിത്സ, ആയുർവേദം, ഹോമിയോ, അലോപതി എന്നീ ആരോഗ്യമേഖലകൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന സൗജന്യ ബഹുമുഖ ഹെൽത്ത് കോർണറും ഫാം കാർണിവലിനെ വ്യത്യസ്തമാക്കും.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരവും വിജ്ഞാന പ്രദവുമായ റോസ് ഗാർഡൻ അടങ്ങുന്ന വിവിധ അലങ്കാര ചെടികളും ബട്ടർഫ്ലൈ ഗാർഡനും, പഴഞ്ചൊല്ല് മരവും നാടൻ നെല്ലിനങ്ങളുടെ എക്സിബിഷൻ- കിറ്റ് വിൽപനയും പാഡി ആർട്ടും വിവിധ സെൽഫി പോയന്റുകളും താറാവുകളും ഊഞ്ഞാലാട്ടവും ഏറുമാടവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഈ മാസം നാലിന് ഫാം കാർണിവൽ കലക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.