പെഗസസ് വിവാദം: ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് കേന്ദ്രമന്ത്രി

പെഗസസ് ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തള്ളി കേന്ദ്രമന്ത്രി വി.മുരളീധരൻ. പെഗസിസ്‌ വിവാദത്തിൽ ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാമതെന്ന് റിപ്പോർട്ട് ചെയ്തവരാണ് ന്യൂയോർക്ക് ടൈംസ് എന്നും വി.മുരളീധരൻ പറഞ്ഞു.

ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയുടെ ചാരസോഫ്റ്റ്‍വെയറായ പെഗസസ് ഇന്ത്യ വാങ്ങിയതായി ന്യൂയോർക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. 2017ലെ സൈനിക കരാറിന്റെ ഭാഗമായി ഇസ്രായേലിൽ നിന്ന് വാങ്ങിയെന്നാണ് വെളിപ്പെടുത്തൽ. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചിരുന്നു. നേരത്തേ, ഇന്ത്യയിൽ ചോർത്തലിന് ഇരയായവരുടെ പട്ടിക 'ദ വയർ' പുറത്തുവിട്ടിരുന്നു.

13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്‍വെയർ വാങ്ങിയതെന്നാണ് ന്യൂയോക് ടൈംസ് പറയുന്നത്. ഇരുരാജ്യങ്ങളും ഒപ്പിട്ട സൈനിക കരാറിലാണ് പെഗാസസിന്റെ കൈമാറ്റവും ഉള്‍പ്പെട്ടിരിക്കുന്നത്. മിസൈല്‍ സംവിധാനവും പെഗാസസുമായിരുന്നു കരാറിലെ തന്ത്രപ്രധാനവസ്തുക്കളെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രായേല്‍ സര്‍ക്കാരും എൻ.എസ്.ഒ ഗ്രൂപ്പും ചേര്‍ന്ന് പെഗസസ് സോഫ്റ്റ്‍വെയർ എതിരാളികളെ നിരീക്ഷിക്കാനുള്ള ഉപകരണമാക്കി ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർക്ക് എത്തിച്ചുനൽകുകയായിരുന്നു. ഇന്ത്യ, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതിന്റെ രേഖകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇസ്രായേലില്‍ നിന്ന് പെഗാസസ് സോഫ്റ്റ്‍വെയർ വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ ചോദ്യത്തില്‍ നിന്ന് രാജ്യസുരക്ഷയുടെ പേരില്‍ ഒഴിഞ്ഞുമാറുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. എൻ.എസ്.ഒ ഗ്രൂപ്പുമായി ഒരു തരത്തിലുള്ള വാണിജ്യ ഇടപാടുകളും നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ വര്‍ഷം പ്രതിരോധ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ പെഗാസസ് ഉപയോഗിച്ച് തങ്ങളെ നിരീക്ഷണം നടത്തിയെന്ന് കാണിച്ച് രാഷ്ട്രീയക്കാരടക്കം നിരവധി പേർ പരാതി നല്‍കുകയും പരാതി പരിശോധിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Pegasus controversy: Union Minister says New York Times' authenticity is questionable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.