തിരുവനന്തപുരം: പെൻഷൻ പരിഷ്കരണത്തെ തുടർന്ന് ലഭിക്കേണ്ട കുടിശ്ശിക ലഭിക്കാൻ സത്യവാങ്മൂലം നൽകേണ്ട സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടാൻ ധനവകുപ്പ് തീരുമാനിച്ചു. ജൂൺ 30നകം സത്യവാങ്മൂലം നൽകാത്തവരുടെ മൂന്നാം ഗഡു കുടിശ്ശികവിതരണം തടയാൻ നേരേത്ത നിർദേശം നൽകിയിരുന്നു. അതിലാണ് മാറ്റം വരുത്തിയത്. വിരമിച്ച സർവിസ്, എക്സ്ഗ്രേഷ്യ, പാർട്ട്ടൈം കണ്ടിൻജൻറ് ജീവനക്കാർ, കുടുംബ പെൻഷൻകാർ എന്നിവരുടെ പെൻഷൻ പരിഷ്കരണം കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതലാണ് നടപ്പാക്കിയത്. കുടിശ്ശിക തുക 2021 ഏപ്രിൽ, േമയ്, ആഗസ്റ്റ്, നവംബർ മാസങ്ങളിൽ വിതരണം ചെയ്യാനാണ് തീരുമാനിച്ചത്. കോവിഡ് സാഹചര്യത്തിൽ ജൂൺ 30ന് മുമ്പ് സത്യവാങ്മൂലം നൽകണമെന്നും ഇല്ലെങ്കിൽ ആ പെൻഷൻകാരുടെ മൂന്നാമത് ഗഡു മുതൽ കുടിശ്ശിക വിതരണം താൽക്കാലികമായി നിർത്താനും തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഭൂരിപക്ഷം പെൻഷൻകാർക്കും സത്യവാങ്മൂലം സമർപ്പിക്കാനായിട്ടില്ല. ഇക്കാര്യം പെൻഷൻ സംഘടനകൾ സർക്കാറിനെ അറിയിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
•സത്യവാങ്മൂലം സമർപ്പിക്കാതെതെന്ന പെൻഷൻ കുടിശ്ശികയുടെ മൂന്നാമത്തെ ഗഡു ആഗസ്റ്റിൽ വിതരണം ചെയ്യും.
•30-9-21ന് മുമ്പ് സത്യവാങ്മൂലം സമർപ്പിക്കാത്ത പെൻഷൻകാരുടെ നാലാമത് ഗഡു പെൻഷൻ കുടിശ്ശിക വിതരണം താൽക്കാലികമായി നിർത്തിെവക്കും. സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിലും അതത് മാസത്തെ പെൻഷൻ വിതരണം തടയില്ല. എന്നാൽ ഒക്ടോബർ ഒന്നിന് ശേഷം സത്യവാങ്മൂലം ലഭിച്ചാൽ നാലാം ഗഡു പെൻഷൻ കുടിശ്ശിക സത്യവാങ്മൂലം ട്രഷറിയിൽ ലഭിച്ച് 30 ദിവസത്തിനകമാകും വിതരണം ചെയ്യുക.
പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട് സമർപ്പിക്കേണ്ട സത്യവാങ്മൂലം www.prismplus.kerala.gov.in, www.pension.treasury.kerala.gov.in എന്നീ സൈറ്റുകൾ വഴി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.