ശബരിമല തീര്‍ഥാടകന്‍റെ പണയും ബാഗും മോഷ്ടിച്ചവർ അറസ്റ്റില്‍; പേഴ്‌സ് ഒളിപ്പിച്ചത് അടിവസ്ത്രത്തില്‍

പമ്പ: വിരിയില്‍ വിശ്രമിച്ചിരുന്ന തീര്‍ഥാടകന്റെ പഴ്‌സും ബാഗും മോഷ്ടിച്ച് 9700 രൂപ സ്വന്തം പോക്കറ്റിലാക്കിയ ഇലന്തൂര്‍ സ്വദേശികള്‍ അറസ്റ്റില്‍. ഇലന്തൂര്‍ ചുരുളിക്കോട് ഇളമലചരുവില്‍ രാജന്‍ (62), ബന്ധു വേണു (49) എന്നിവരെയാണ് പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ചെറിയാനവട്ടത്ത് സുകുമാരന്‍ എന്നയാളുടെ വിരിയില്‍ കിടന്ന ഉറങ്ങുകയായിരുന്ന ഫോര്‍ട്ട് കൊച്ചി അമരാവതി ഉദാരപറമ്പില്‍ അഭിലാഷിന്റെ (43) പണമാണ് ഇവര്‍ മോഷ്ടിച്ചത്.

എറണാകുളത്ത് നിന്നും വന്ന 40 അംഗ തീര്‍ഥാടക സംഘത്തില്‍പ്പെട്ടയാളാണ് അഭിലാഷ്. യാത്രാക്ഷീണം കാരണം ചെറിയാനവട്ടത്ത് വിരിവച്ചു വിശ്രമിക്കുകയായിരുന്നു. പേഴ്‌സും അരയില്‍ കെട്ടുന്ന ബാഗും കവര്‍ന്ന് അതില്‍ നിന്നുമാണ് 9700 രൂപ മോഷ്ടിച്ചത്. ഇതേ വിരിയില്‍ തന്നെ വിശ്രമിച്ചു കൊണ്ടാണ് വേണുവും രാജനും ചേര്‍ന്ന് മോഷണം നടത്തിയത്.

വേണുവിനും രാജനും പമ്പയില്‍ ആള്‍രൂപം വിലക്കുന്ന ജോലിയാണ്. ഇവര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പമ്പയില്‍ ആള്‍രൂപം വില്‍ക്കുന്നവര്‍ ആണെന്നാണ് പൊലീസിനോട് പറഞ്ഞ്. ഇങ്ങനെ കച്ചവടം നടത്താനെത്തുന്നവര്‍ക്ക് സ്വന്തം പ്രദേശത്ത പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ നിന്നും ഇവര്‍ പി.സി.സി എടുത്തിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി.

പണം നഷ്ടപ്പെട്ട അഭിലാഷും കൂട്ടരും സംശയം തോന്നിയാണ് വേണുവിനെയും രാജനെയും പിടിച്ച് പരിശോധിച്ചത്. വേണുവിന്റെ അടിവസ്ത്രത്തില്‍ നിന്നും 5700 രൂപ അടങ്ങിയ പേഴ്‌സ് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ വിശ്രമിച്ചതിന് സമീപം നിന്നും അരയില്‍ കെട്ടുന്ന ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 4000 രൂപ ഇതില്‍ ഉണ്ടായിരുന്നതായി അഭിലാഷ് പറഞ്ഞു. എന്നാല്‍, കിട്ടിയ ബാഗില്‍ പണം ഉണ്ടായിരുന്നില്ല. പ്രതികളെ പമ്പ പൊലീസ് ചോദ്യം ചെയ്യുന്നു.

Tags:    
News Summary - People who stole Sabarimala pilgrims money and bag arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.