കോഴിക്കോട്: പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെയും പേരാമ്പ്ര ബി.ആർ.സി.യുടെയും "സമൃദ്ധം" പരിപാടി യഥാത്ഥ പ്രശ്നത്തെ അഭിമുഖീകരിക്കാത്തതാണെന്ന് കെ.എസ്.ടി.എം (കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേർസ് മൂവ്മെന്റ്) കുറ്റപ്പെടുത്തി. പരിപാടിയുടെ ലക്ഷ്യം ഗവ. വെൽഫെയർ സ്കൂളിലെ വിദ്യാർഥികളുടെ ദാരിദ്ര്യ നിർമാർജനമാണ്. പക്ഷെ അവർ നേരിടുന്ന വെല്ലുവിളി ജാതീയ വിവേചനമാണ്. മിശ്ര ബോധന സാഹചര്യമൊരുക്കുകയാണ് അവിടെ ചെയ്യേണ്ടത്. സാംബവ വിദ്യാർഥികളുണ്ടെന്ന ഒറ്റ കാരണത്താൽ സമൂഹത്തിലെ മറ്റാരും അവിടെ കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നില്ല. അവിടുത്തെ വിദ്യാർഥികൾ നേരിടുന്നത് കേവലം ദാരിദ്ര്യമോ ഭക്ഷണലഭ്യത കുറവോ അല്ല. നേരെ മറിച്ച് സമൂഹ ജാതീയ ഭ്രഷ്ടിലൂടെയുള്ള മാനസിക വൈകാരിക പീഢനമാണ്. സാംബവർ എന്ന ഒറ്റ കാരണത്താൽ ബഹുസ്വര മഴവിൽ സമൂഹമെന്നു നടിക്കുന്നവർ ഉള്ളിന്റെ ഉള്ളിൽ പുലർത്തുന്ന ജാതി വിവേചനമാണ് ഗവ: വെൽഫെയർ സ്കൂളും അവിടുത്തെ വിദ്യാർത്ഥികളും അനുഭവിക്കുന്നത്.
ഇന്ന് അവിടെ നടക്കുന്ന 'സമൃദ്ധം' പദ്ധതിയിലൂടെ ഭക്ഷണം നൽകൽ കേവലമതേതര സമൂഹത്തിന്റെയും മുഖ്യധാര ത്രിതല പഞ്ചായത്തിന്റെയും ആത്മാർത്ഥതയില്ലാത്ത ഇടപെടൽ മാത്രമാണ്. വിരലിലെണ്ണാവുന്ന വിദ്യാർഥികൾക്ക് ഉച്ചഭക്ഷണ വിഭവം അവിടെയുണ്ട്. സമൃദ്ധം പദ്ധതി നടപ്പിലാക്കാൻ ഇരുപതോളം അംഗങ്ങളുള്ള സംഘാടക കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു. അവരുടെ സ്വാധീനത്തിലും കുടുംബത്തിലുമുള്ളവർ ശ്രമിക്കേണ്ടത് വിദ്യാർഥികളുടെ ബഹുസ്വര മഴവിൽ പ്രവേശനമാണ്. അല്ലാത്തതൊക്കെ സാംബവ സമൂഹത്തെ പരിഹസിക്കാനുള്ള തന്ത്രങ്ങളായിട്ടേ കരുതേണ്ടതുള്ളൂ. മിശ്ര ബോധന സാഹചര്യമൊരുക്കാൻ വിശാലാടിസ്ഥാനത്തിലുള്ള ജനകീയ മുന്നേറ്റ ഇടപെടലുകളാണ് ഇത്തരം വെല്ലുവിളികളെ മറികടക്കാൻ ചെയ്യേണ്ടത്. വിശാലാടിസ്ഥാനത്തിലുള്ള ശ്രമമായിരുന്നു 2017 മുതൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ഇവിടെ ബഹുസ്വര വിദ്യാർത്ഥി പ്രവേശനത്തിലൂടെ ശ്രമിച്ചത്. അപ്പോൾ ഭരണകൂടങ്ങളും വിദ്യാഭ്യാസ വകുപ്പും നിരുത്തരവാദപരമായിട്ടാണ് പ്രതികരിച്ചത്.
സ്വന്തം കുട്ടികളെ ചേർത്ത് ജാതീയ അഴുക്കിനെതിരെ പ്രതിരോധിച്ച ഈ അധ്യാപക സംഘടനയുടെ മാതൃകാ പ്രവർത്തനങ്ങൾ പിൻപറ്റുകയാണ് സമൃദ്ധം പദ്ധതിയുടെ സംഘാടകരായ പേരാമ്പ്ര ബി.ആർ.സിയും പേരാമ്പ്ര പഞ്ചായത്തും ചെയ്യേണ്ടത്. ഭരണഘടനാപരമായ വേദികളായ അയൽ കൂട്ടങ്ങളും ഗ്രാമസഭയും വിളിച്ചുചേർക്കണം. ഈ പ്രദേശത്തെ മുഴുവൻ ജനപ്രതിനിധികൾക്കും ഈ സ്ഥാപനവും സാംബവ സമൂഹവും നേരിടുന്ന സാമൂഹിക വൈകാരിക മാനസിക വെല്ലുവിളികളായ ജാതി വിവേചനത്തെ ഇല്ലാതാക്കാൻ ഭരണഘടനാപരമായി ബാധ്യതയുണ്ട്. ഇന്നേവരെ അത്തരമൊരു ശ്രമം നടത്താത്തത് കാരണമാണ് സമൂഹം ഈ സ്ഥാപനത്തെയും സാംബവരെയും ഈ കാലമത്രയും ഒറ്റപ്പെടുത്തിവരുന്നത്. അത്തരമൊരു നീക്കത്തിന് കെ.എസ്.ടി.എമ്മിന്റെ പൂർണ പിന്തുണയുണ്ടാകും. സാംബവ സമൂഹത്തെ പരിഹാസ്യമാക്കുന്ന ഇത്തരം പദ്ധതികൾക്കെതിരെ പൊതു സമൂഹം ബോധവാന്മാരാവണമെന്നും അവർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നൂഹ് ചേളന്നൂർ അധ്യക്ഷത വഹിച്ചു. ബഷീർ വല്ലപ്പുഴ, എസ്. കമറുദ്ദീൻ, ഇ.പി. ലത്തീഫ് മാസ്റ്റർ, എം.വി. അബ്ദു റഹ്മാൻ, അഷ്റഫ് മാസ്റ്റർ, ശബീബ ടീച്ചർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.