കൊച്ചി: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിൽനിന്ന് മുസ്ലിംലീഗിലെ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. 348 പോസ്റ്റൽ വോട്ടുകൾ കാരണമില്ലാതെ എണ്ണാതിരുന്നെന്നും ഇതിൽ 300 വോട്ടെങ്കിലും തനിക്ക് കിട്ടുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി തൊട്ടടുത്ത എതിർ സ്ഥാനാർഥി ഇടതു സ്വതന്ത്രൻ കെ.പി.എം. മുസ്തഫ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം വിജയിച്ചത്.
ഹരജി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് നജീബ് നൽകിയ തടസ്സഹരജി കോടതി നേരത്തേ തള്ളിയിരുന്നു. പോസ്റ്റൽ വോട്ടുകൾ ഹാജരാക്കാൻ നിർദേശവും നൽകി. എന്നാൽ, ഇതിനായുള്ള തിരച്ചിലിനിടെ പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ട്രോങ് റൂമിൽനിന്ന് ബാലറ്റ് പെട്ടി നഷ്ടപ്പെട്ടതായി കണ്ടെത്തി. സ്ട്രോങ് റൂമിൽ സൂക്ഷിച്ച പോസ്റ്റൽ ബാലറ്റുകളിൽ 482 ബാലറ്റുകളുടെ ഒരുകെട്ട് കാണാതായെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും സബ് കലക്ടർ കോടതിയെ അറിയിക്കുകയും ചെയ്തു. ഗൗരവമായ വിഷയമാണിതെന്ന് വിലയിരുത്തിയ കോടതി, ഇരുപക്ഷത്തെയും കേട്ട് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി. സബ് കലക്ടറുടെ റിപ്പോർട്ടിന് മറുപടി നൽകാൻ ഹരജിക്കാരടക്കമുള്ളവർ സമയം തേടിയതിനെ തുടർന്ന് ഹരജി മാറ്റുകയും ചെയ്തു. തിങ്കളാഴ്ച ഹരജി പരിഗണിക്കവെ മാറ്റിവെക്കണമെന്ന് കക്ഷികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.