കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ വ്യാഴാഴ്ച അറസ്റ്റിലായവരിൽ ഒരു പ്രതിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സി.ബി.ഐ. 15ാം പ്രതി സുരേന്ദ്രൻ എന്ന വിഷ്ണുവിനാണ് (47) കുറ്റകൃത്യത്തിൽ പങ്കുള്ളതായി സ്ഥിരീകരിച്ചത്. ഒന്നാം പ്രതി പീതാംബരെൻറ അടുത്ത സുഹൃത്തും പ്രതികൾ ഉപയോഗിച്ച ജീപ്പിെൻറ ഡ്രൈവറുമായിരുന്നു ഇയാൾ.
2019 ജനുവരി അഞ്ചിന് സുരേന്ദ്രൻ പീതാംബരനൊപ്പം ആക്രമിക്കപ്പെട്ടിരുന്നു. ഇതായിരുന്നു കൊലപാതകത്തിൽ പങ്കെടുക്കാനുള്ള പ്രേരണ. കൊല്ലപ്പെട്ട ശരത്ലാലിെൻറയും കൃപേഷിെൻറയും നീക്കങ്ങൾ നിരീക്ഷിച്ചത് സുരേന്ദ്രനാണ്. ഇവരുടെ നീക്കങ്ങൾ ഇയാൾ പീതാംബരനെ അപ്പപ്പോൾ ഫോണിൽ അറിയിച്ചു. ഇവർ ബൈക്കെടുത്ത് നീങ്ങിയ കാര്യവും അറിയിച്ചതുവഴി കുറ്റകൃത്യത്തിെൻറ ഗൂഢാലോചനയിലും കൊലയിലും നേരിട്ടു പങ്കാളിയായെന്നാണ് സി.ബി.ഐ ആരോപണം.
അഞ്ചും ഏഴും പ്രതികളായ ജിജിൻ, അശ്വിൻ എന്നിവരുടെ അടുത്ത ബന്ധുവും കുറ്റകൃത്യത്തിെൻറ ഗൂഢാലോചനയിൽ ആദ്യവസാനം പങ്കാളിത്തം വഹിച്ചയാളുമാണ് 16ാം പ്രതി മധു. കൊലയാളികൾക്ക് ഇരുമ്പുവടികൾ നൽകി സഹായിച്ചെന്ന ആരോപണമാണ് 17ാം പ്രതി റെജി വർഗീസിനെതിരെയുള്ളത്.
സി.പി.എം നിയന്ത്രണത്തിലുള്ള പെരിയ സൊസൈറ്റിയിൽ ക്ലർക്കായ 18ാം പ്രതി ഹരിപ്രസാദും ഗൂഢാലോചനയിൽ പങ്കാളിയാണ്. കുറ്റകൃത്യത്തിനുശേഷം ഒളിവിൽപോയ ഇയാൾ സ്വന്തം കാർ പ്രതികൾക്ക് നൽകിയെന്നും സി.ബി.ഐ പറയുന്നു.
സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായ പി. രാജേഷ് കുറ്റകൃത്യത്തിന് സഹായം നൽകുകയും ഗൂഢാലോചനയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു. പ്രതിചേർക്കപ്പെട്ട ഉദുമ മുൻ എം.എൽ.എ കുഞ്ഞിരാമൻ അടക്കം അഞ്ചുപേരുടെ പങ്കാളിത്തവും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ, 14ാം പ്രതി മണികണ്ഠൻ എന്നിവർ ചേർന്നാണ് രണ്ടാം പ്രതി സജി ജോർജിനെ പൊലീസ് കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിച്ചതെന്നും സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. കാസർകോട് പെരിയ കല്യോട്ടെ യൂത്ത് കോണ്ഗ്രസ് നേതാക്കളായ കൃപേഷ് (21), ശരത്ലാല് (24) എന്നിവർ 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കൊല്ലപ്പെട്ടത്.
കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എം.എൽ.എയും സി.പി.എം കാസർകോട് ജില്ല സെക്രേട്ടറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമനെയും സി.ബി.ഐ പ്രതിചേർത്തു. ബുധനാഴ്ച അറസ്റ്റിലായ അഞ്ച് പ്രതികളെ ഹാജരാക്കിയതിനൊപ്പം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് കുഞ്ഞിരാമനടക്കം 10 പേരെക്കൂടി കേസിൽ പ്രതിചേർത്തതായി സി.ബി.ഐ അറിയിച്ചത്.
20ാം പ്രതിയാണ് കുഞ്ഞിരാമൻ. കൊലപാതകം നടന്ന് രണ്ടാം ദിവസം കാസർകോട് പാക്കം ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോർജിനെ കുഞ്ഞിരാമനും മറ്റു പ്രതികളും ചേർന്ന് പൊലീസ് കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ചെന്നാരോപിച്ചാണ് പ്രതിചേർത്തത്. പലതവണ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് പങ്കാളിത്തം വ്യക്തമായതോടെയാണ് പ്രതിചേർത്തതെന്ന് സി.ബി.ഐ ഡിവൈ.എസ്.പി അനന്തകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇദ്ദേഹത്തിന് കുറ്റകൃത്യത്തിൽ കൂടുതൽ ബന്ധമുണ്ടോയെന്ന് കണ്ടെത്താനാവൂവെന്നാണ് സി.ബി.ഐ നിലപാട്. എന്നാൽ, അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. നേരത്തേ പൊലീസ് പ്രതിചേർത്ത 14 പ്രതികളെ കൂടാതെ കുഞ്ഞിരാമൻ അടക്കം 10 പേരെക്കൂടി സി.ബി.ഐ പുതുതായി പ്രതിചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ 15 മുതൽ 19വരെ പ്രതികളായ പെരിയ കാഞ്ഞിരടുക്കം കല്യോട്ട് വീട്ടിൽ വിഷ്ണു സുര എന്ന സുരേന്ദ്രൻ, അടുക്കടകം കാഞ്ഞിരടുക്കം കല്യോട്ട് വീട്ടിൽ എ. മധു എന്ന ശാസ്ത മധു, പെരിയ എച്ചിലടുക്കം കൂവക്കാട്ട് പുത്തൻപുരയിൽ വീട്ടിൽ റെജി വർഗീസ്, കാഞ്ഞിരടുക്കം വല്ലിയോടൻ വീട്ടിൽ എ. ഹരിപ്രസാദ്, കാഞ്ഞിരടുക്കം മാവുങ്കൽ രാജു എന്ന പി. രാജേഷ് എന്നിവരെ ഈമാസം 15വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു.
ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അടുത്ത ദിവസംതന്നെ കോടതിയെ സമീപിക്കാനാണ് സി.ബി.ഐയുടെ തീരുമാനം. ഇവരെ കൂടാതെ, 20 മുതൽ 24 വരെ പ്രതികളായി കുഞ്ഞിരാമൻ, ബേക്കൽ പാക്കം രാഘവൻ വെളുത്തോളി, പാക്കംവീട്ടിൽ കെ.വി. ഭാസ്കരൻ, പാക്കം തെക്കനത്ത് വീട്ടിൽ ഗോപകുമാർ എന്ന ഗോപൻ വെളുത്തോളി, ബേക്കൽ പള്ളിപ്പുഴ വീട്ടിൽ സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരാണ് പ്രതിചേർക്കപ്പെട്ട മറ്റുള്ളവർ.
ഇവരെ അറസ്റ്റ് ചെയ്യുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സി.ബി.ഐ പറഞ്ഞു. രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുത്തി കുഞ്ഞിരാമനൊപ്പം ഒത്താശ ചെയ്തെന്നാണ് 21, 22 പ്രതികളായ രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ എന്നിവർക്കെതിരായ ആരോപണം. പ്രതികളെ ഒളിപ്പിക്കാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നെന്ന ആരോപണമാണ് 23, 24 പ്രതികളായ ഗോപകുമാർ, സന്ദീപ് എന്നിവർക്കെതിരെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.