കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് കാസർകോട് സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ. കെ.വി. കുഞ്ഞിരാമന്‍, കെ. മണികണ്ഠന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമാണ്. വിധി പഠിച്ച ശേഷം തുടര്‍തീരുമാനമെടുക്കുമെന്നും കേസില്‍ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു.
പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം. സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ കുറിച്ച് പാര്‍ട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. പാര്‍ട്ടിയുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. പീതാംബരന്‍ ലോക്കല്‍ കമ്മിറ്റി അംഗമല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അന്നയാള്‍ ലോക്കല്‍ കമ്മിറ്റി മെമ്പറാണെന്നും അന്ന് രാത്രി തന്നെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് അയാളെ പുറത്താക്കിയെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി. ഈ പാര്‍ട്ടിക്ക് മാത്രമേ അത്തരമൊരു നടപടിയെടുക്കാന്‍ കഴിയൂ. അതിനുശേഷം ഞങ്ങള്‍ കേസില്‍ ഇടപെട്ടിരുന്നില്ല. ഇത് ജില്ലയിലെ സി.പി.എമ്മിനെ വിലയിരുത്തുന്ന ശരിയായ ആളുകള്‍ക്കറിയാന്‍ പറ്റും. സംഭവത്തില്‍ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്ന് തുടര്‍ച്ചയായി വ്യക്തമാക്കിയിട്ടുള്ളതാണ്.
സി.ബി.ഐയെ കൊണ്ട് വന്നത് രാഷ്ട്രീയമായാണെന്ന് അന്നേ വ്യക്തമാക്കിയതാണ്. രാഷ്ട്രീയമായി തന്നെ സി.ബി.ഐ കേസ് കൈകാര്യം ചെയ്തു. അതിന്റെ ഭാഗമായി കെ.വി. കുഞ്ഞിരാമന്‍, മണികണ്ഠനടക്കമുള്ള കുറച്ചു പേരെ പാര്‍ട്ടിയെ കുത്തി വലിക്കുന്നതിന് വേണ്ടി ഇതില്‍ പ്രതികളാക്കി. പാര്‍ട്ടിയെ അതിലേക്ക് കൊത്തി വലിച്ചപ്പോള്‍ ഇവരെ രക്ഷിക്കുന്നതിന് വേണ്ടി കേസിന് പോയി. പാര്‍ട്ടിക്കിതില്‍ പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപ്പട്ടികയില്‍ ആരെയാണ് ഉള്‍പ്പെടുത്താന്‍ പറ്റാത്തത്. ഒരു കോടതി വിധിച്ചാല്‍ അപ്പോള്‍ തന്നെ നടപടിയെടുക്കണോ. അന്തിമ വിധിയല്ലല്ലോ ഇത്. കമ്യൂണിസ്റ്റുകാര്‍ ഏത് സമയത്തും കേസിലും മറ്റും പ്രതികളാകാം. പ്രതിയായി എന്ന ഒറ്റക്കാരണം കൊണ്ട് പുറത്താക്കിയാല്‍ പിന്നെ ഈ പാര്‍ട്ടിയില്‍ ആരാണ് ഉണ്ടാവുമോ എന്നും അദ്ദേഹം ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത സി.പി.എം പ്രവർത്തകരായ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കും ഗൂഡാലോചനയിൽ പങ്കെടുത്ത 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠനുമടക്കം നാലു സി.പി.എം നേതാക്കൾക്ക് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് കുറ്റക്കാർക്കുള്ള ശിക്ഷ വിധിച്ചത്.
കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് 2024 ഡിസംബർ 28ന് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാതകത്തിൽ സി.പി.എം ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ. നേതാവ് കെ. മണികണ്ഠൻ, പാക്കം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരാണ് കുറ്റക്കാർ. ഒന്നുമുതൽ എട്ടുവരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.