കൊച്ചി: കാസർകോട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഉന്നത സി.പി.എം നേതാക്കളുടെ പങ്കിന് തെളിവുകളൊന്നുമില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. പ്രദീപ്കുമാർ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്ലാലിെൻറയും കൃപേഷിെൻറയും മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് വിശദീകരണം. ഹരജി മേയ് 25ന് പരിഗണിക്കാൻ മാറ്റി.
ഹരജിക്കാർ വമ്പൻ സ്രാവുകൾ എന്ന് ഉദ്ദേശിക്കുന്നത് ആരെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും വമ്പൻ സ്രാവുകൾക്ക് സംഭവത്തിലെ പങ്കാളിത്തത്തിന് തെളിവുകളുമില്ല. ഫെബ്രുവരി 17നാണ് ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. സി.പി.എമ്മിെൻറ പ്രാദേശിക നേതാവായ പീതാംബരനെ ആക്രമിച്ചതിന് പകവീട്ടാനാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രഥമ വിവര മൊഴിയുണ്ട്. ഫെബ്രുവരി 19ന് അറസ്റ്റിലായ ഒന്നാംപ്രതി പീതാംബരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒളിവിലുള്ള എട്ടാംപ്രതി സുബീഷ് വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. പീതാംബരനാണ് സൂത്രധാരനെന്നും ആദ്യ ഏഴു പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തെന്നും വിശദീകരണത്തിൽ പറയുന്നു.
മുന്നാട് കോളജിലെ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷങ്ങളെത്തുടർന്നുള്ള സംഭവവികാസങ്ങളിൽ ഇടപെട്ട പീതാംബരന് മർദനമേറ്റിരുന്നു. തുടർന്ന് പ്രാദേശിക കോൺഗ്രസ്, സി.പി.എം നേതാക്കൾ സമാധാന ചർച്ച നടത്തിയിരുന്നു. എന്നാൽ, പീതാംബരൻ സമാധാന ശ്രമങ്ങൾക്കെതിരായിരുന്നു. പെരുങ്കളിയാട്ടം സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പങ്കെടുക്കരുതെന്ന് പീതാംബരൻ പാർട്ടിയുടെ പ്രദേശിക നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി.വി. രമേശൻ പങ്കെടുത്തു. ഇതിലുള്ള പ്രതിഷേധം വ്യക്തമാക്കി പീതാംബരൻ പാർട്ടി ഏരിയ സെക്രട്ടറിക്ക് കത്ത് നൽകി. തുടർന്നാണ് വ്യക്തിപരമായി പകവീട്ടാൻ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തത്.
കൊല നടത്തിയശേഷം പ്രതികൾ വെളുത്തോളിയിൽ ഒത്തുചേർന്നപ്പോൾ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനും മറ്റും അവിടെയെത്തി. തുടർന്ന് പീതാംബരൻ, ജിജിൻ, ശ്രീരാഗ്, അശ്വിൻ എന്നിവരെ ഉദുമയിലെ സി.പി.എം ഏരിയ കമ്മിറ്റി ഒാഫിസിലേക്ക് മാറ്റി. അടുത്തദിവസം പ്രതികൾ വീണ്ടും വെളുത്തോളിയിൽ ഒത്തുകൂടിയശേഷം കീഴടങ്ങിയെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.