കളമശ്ശേരി: പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈകോടതി നിയോഗിച്ച അന്വേഷണ സമിതി ഏലൂരിൽ പരിശോധന തുടങ്ങി. സമിതി അംഗങ്ങളായ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് റീജനൽ ഡയറക്ടർ ജെ. ചന്ദ്രബാബു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൻ എസ്. ശ്രീകല എന്നിവരടങ്ങുന്ന സമിതിയാണ് പരിശോധന തുടങ്ങിയത്.
മലിനീകരണത്തിനെതിരെ പരിസ്ഥിതി സംഘടന പ്രതിനിധികൾ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലും രാസമാലിന്യം നിറഞ്ഞ ഏലൂരിലെ കുഴിക്കണ്ടം തോടുമായി ബന്ധപ്പെട്ട പരാതിയിൽ ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി പഠിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് സമിതിയെ ചുമതലപ്പെടുത്തിയത്.
രാവിലെ ഏലൂരിൽ എത്തിയ സമിതി പരാതിക്കാരുമായി സംസാരിക്കുകയും അമിക്കസ് ക്യൂറി റിപ്പോർട്ട് ചർച്ചെയ്യുകയും ചെയ്തു. തുടർന്ന് കുഴിക്കണ്ടം ഉൾപ്പെട്ട ഏലൂരിലെ വിവിധ തോടുകളിലും പാതാളം മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജുകളിലും മലിനീകരണ ആരോപണ പട്ടികയിലുള്ള ഫാക്ട്, എച്ച്.ഐ.എൽ, മെർക്കം, സി.എം.ആർ.എൽ എന്നീ കമ്പനികളിലും സന്ദർശിച്ചു. പരിശോധന ചൊവ്വാഴ്ചയും തുടരും. പരിശോധനയിൽ ലഭിക്കുന്ന വിശദ റിപ്പോർട്ടും ചൊവ്വാഴ്ച കലക്ടറുടെ സാന്നിധ്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പത്ത് ദിവസത്തിനകം ഹൈകോടതിയിൽ സമർപ്പിക്കുമെന്ന് ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.