തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയതോടെ വൻകിട പദ്ധതികൾ പലതും നിർത്തിവെച്ചു. നിരക്ക് വർധന കുറക്കുമെന്ന പ്രതീക്ഷയിൽ സാധാരണക്കാരും ഫീസ് ഒടുക്കാൻ തയാറാകുന്നുമില്ല. ഇതോടെ ആയിരക്കണക്കിന് അപേക്ഷകളാണ് സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നത്. സർക്കാറിലേക്ക് പെട്ടെന്ന് വരുമാനം കൂട്ടാമെന്ന ധാരണയിൽ കൊണ്ടുവന്ന പരിഷ്കരണങ്ങൾ ഇപ്പോൾ തിരിച്ചടിയായിരിക്കുകയാണ്. നിർമാണ മേഖലയിൽ സ്തംഭനാവസ്ഥയാണ്. ഒരുമാസത്തിനിടെ കെട്ടിടനിർമാണ അപേക്ഷകളിൽ തദ്ദേശസ്ഥാപനങ്ങളിൽ 50 ശതമാനം കുറവുണ്ടായി.
നേരത്തേ നാല് ലക്ഷം രൂപ പെർമിറ്റ് ഫീസ് അടച്ചാൽമതിയായിരുന്ന പ്രോജക്ടുകൾക്ക് 50 ലക്ഷവും 60 ലക്ഷവുമാണ് പെർമിറ്റ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. 10,000 രൂപക്ക് താഴെ പെർമിറ്റ് ഫീസ് വരുന്ന ചെറുകിട പ്രോജക്ടുകൾ മാത്രമാണ് ഇപ്പോൾ അടക്കുന്നത്. അത്തരം അപേക്ഷകളിലും വലിയ കുറവുണ്ടായി. പൂർത്തീകരിച്ച വീടുകളുടെ ക്രമവത്കരണ അപേക്ഷകളും കെട്ടിക്കിടക്കുകയാണ്.
സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയാകാത്തതിനാൽ ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച അഞ്ച് ശതമാനം വസ്തു (കെട്ടിട) നികുതി അടക്കാനും കഴിയുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നികുതി അടക്കുന്ന ‘സഞ്ചയ’ സോഫ്റ്റ്വെയറിലെ അപ്ഡേഷൻ പൂർത്തിയാകാത്തതാണ് കാരണം. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ്വെയറിന്റെ പരിപാലനം. അപ്ഡേറ്റ് ചെയ്യാത്തത് കാരണം പഴയ നിരക്കിലാണ് ഇപ്പോഴും നികുതി സ്വീകരിക്കുന്നത്. സോഫ്റ്റ്വെയർ പരിഷ്കരിക്കുമ്പോൾ ഈ കുടിശ്ശിക നികുതിദായകൻ ഒന്നിച്ച് അടക്കേണ്ട അവസ്ഥയാണ്. പഴയ കെട്ടിടങ്ങളുടെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്താനും സാധിക്കുന്നില്ല.
പുതിയ നികുതി വിവരങ്ങൾ ഉൾക്കൊള്ളിച്ച് പരിഷ്കരിക്കാൻ കഴിഞ്ഞമാസം അവസാനം സോഫ്റ്റ്വെയർ വഴിയുള്ള സേവനം താൽക്കാലികമായി നിർത്തിയിരുന്നു. കഴിഞ്ഞദിവസം ഭാഗികമായി സേവനങ്ങൾ നൽകിത്തുടങ്ങിയപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷംവരെയുള്ള കെട്ടിടങ്ങളുടെ അസസ്മെന്റ് കാണാനില്ല. പ്രതിദിന കലക്ഷൻ ഉൾക്കൊള്ളിക്കാൻ കഴിയാത്തതാണ് മറ്റൊരു പ്രശ്നം. കോർപറേഷനുകളിലെ സോണൽ ഓഫിസുകളിൽ ഉൾപ്പെടെ എത്ര രൂപ വരുമാനം ലഭിച്ചെന്നോ എത്ര ചെലവഴിച്ചെന്നോ കണക്കാക്കാനും കഴിയുന്നില്ല.
തിരുവനന്തപുരം: പുതുതായി നിർമിച്ച വീടുകളുൾപ്പെടെ കെട്ടിടങ്ങൾക്ക് വസ്തുനികുതി നിർണയിച്ച് നമ്പറിടൽ ഇനിയും വൈകും. പുതിയ കെട്ടിടങ്ങൾക്കുള്ള വസ്തുനികുതിയുടെ അടിസ്ഥാന നിരക്കുകൾ (കുറഞ്ഞതും കൂടിയതും) പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിവക്കായി പ്രത്യേകം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇതിലെ ഉചിത നിരക്കുകൾ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതി കൂടി തീരുമാനിക്കണം.
തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രദേശങ്ങളെ പ്രഥമ, ദ്വിതീയ, തൃത്രീയ എന്നിങ്ങനെ മേഖലകളായി തിരിച്ച് വസ്തുനികുതി പരിഷ്കരണത്തിന് മാനദണ്ഡങ്ങളും പുതുക്കണം.
ഇതിന് രണ്ട് മാസമെങ്കിലും വേണ്ടിവരും. അതു കഴിയുംവരെ പുതിയ കെട്ടിടങ്ങൾക്ക് നമ്പറിടാൻ കഴിയില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാദം. എന്നാൽ, നമ്പർ ലഭിക്കാത്തതിനാൽ വെള്ളം, വൈദ്യുതി കണക്ഷൻ എന്നിവ ലഭിക്കാതെ പലരും വലയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.