വടകര: സ്ഥാനാർഥികൾ അടക്കമുള്ള സ്ത്രീകൾക്ക് നേരെയുള്ള വ്യക്തി അധിക്ഷേപങ്ങളെയും സൈബർ ആക്രമണങ്ങളെയും അംഗീകരിക്കാനാവില്ലെന്ന് ആർ.എം.പി നേതാവും വടകര എം.എൽ.എയുമായ കെ.കെ. രമ. പൊലീസിനും സൈബർ സെല്ലിനും ലഭിക്കുന്ന പരാതികളിൽ ശക്തമായ നടപടികൾ സ്വീകരിക്കാത്തതാണ് വ്യക്തി അധിക്ഷേപങ്ങൾ ആവർത്തിക്കാൻ കാരണമെന്നും കെ.കെ. രമ കുറ്റപ്പെടുത്തി. തൃക്കാക്കര എം.എൽ.എ ഉമ തോമസിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ.കെ. രമ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ലൈംഗികചുവയോടെയുള്ള പരാമർശങ്ങളും വ്യക്തി അധിക്ഷേപങ്ങളും ആദ്യ സംഭവമല്ല. പൊതുരംഗത്തും മാധ്യമ രംഗത്തും അടക്കം പ്രവർത്തിക്കുന്ന താനടക്കമുള്ള സ്ത്രീകൾ ഇത്തരം അധിക്ഷേപങ്ങൾ കേൾക്കുകയാണ്. പൊലീസിനും സൈബർ സെല്ലിനും പല സാഹചര്യത്തിലും പരാതികൾ നൽകിയിട്ടുണ്ട്. പരാതികൾ കെട്ടിക്കിടന്നതല്ലാതെ ഒരു പരാതിയിൽ പോലും വസ്തുതാപരമായ അന്വേഷണം നടത്താനോ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ അധികാരികൾ തയാറായിട്ടില്ലെന്നും കെ.കെ. രമ കുറ്റപ്പെടുത്തി.
എൽ.ഡി.എഫ് സ്ഥാനാർഥിക്ക് നേരെ ലൈംഗിക അതിക്രമ ആരോപണം ഉണ്ടായെന്ന് പറയുന്നിടത്തേക്ക് കാര്യങ്ങൾ എത്തിച്ചതിന് ഉത്തരവാദി സംസ്ഥാനത്തെ പൊലീസ് ആണ്. സൈബർ സെൽ അടക്കമുള്ള നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരം പ്രവൃത്തികൾ തുടരുന്നത്. ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നുന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് പല സ്ത്രീകളും നേരിടുന്നത്. മാനസികമായി തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് എന്തു കൊണ്ട് അറുതിവരുന്നില്ല.
എൽ.ഡി.എഫ് സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിടുന്നതായി മാർച്ച് 27ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ വാർത്താസമ്മേളനം നടത്തി ചൂണ്ടിക്കാട്ടിയിരുന്നു. അതിന് ശേഷം 20 ദിവസം കഴിഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വാർത്താസമ്മേളനം നടത്തി വ്യക്തി അധിക്ഷേപം നടക്കുന്നതായി പറയേണ്ടി വന്നത്. ഇത്രയും ദിവസമായിട്ടും എന്തു കൊണ്ടാണ് പൊലീസ് നടപടി സ്വീകരിക്കാതിരുന്നതെന്നും രമ ചോദിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പാർട്ടി ഭരിക്കുന്ന വകുപ്പിനാണ് പൊലീസിന്‍റെയും സൈബർ സെല്ലിന്‍റെയും ചുമതലയുള്ളത്. എന്നിട്ട് പോലും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിക്കാത്തതിലാണ് മറുപടി പറയേണ്ടത്. സ്ത്രീകളുടെ പരാതിയിൽ പരിഹാരം കാണാത്ത സാഹചര്യത്തിലാണ് അധിക്ഷേപങ്ങൾ ആവർത്തിക്കുന്നത്. ഏത് വിഭാഗത്തിന്‍റെ ഭാഗത്ത് നിന്നാണ് മോശം പ്രവർത്തനം ഉണ്ടായതെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.
യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പലിന്‍റെ നേതൃത്വത്തിലാണ് വ്യക്തി അധിക്ഷേപങ്ങൾ നടക്കുന്നതെന്ന എൽ.ഡി.എഫ് സ്ഥാനാർഥിയുടെയും നേതാക്കളുടെയും ആരോപണം ശുദ്ധ അസംബദ്ധമാണ്. വ്യക്തി അധിക്ഷേപങ്ങളെ ന്യായീകരിക്കില്ലെന്നും അത്തരക്കാരുടെ കൂടെ നിൽക്കില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിൽ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ തള്ളിപ്പറയുമെന്നും ഷാഫി പറഞ്ഞിട്ടുണ്ട്. ഷാഫിയുടെ അറിവോടെയാണെന്ന എൽ.ഡി.എഫിന്‍റെ നുണ പ്രചരണം അവസാനിപ്പിക്കണം. യു.ഡി.എഫ് സ്ഥാനാർഥി ഇത്തരം പ്രവർത്തനം നടത്തുന്നുവെന്ന ആരോപണം തെളിയിക്കാൻ എൽ.ഡി.എഫിനെ വെല്ലുവിളിക്കുകയാണ്. യഥാർഥ വിഷയങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നത്.
വ്യക്തി അധിക്ഷേപ വിഷയത്തിൽ കക്ഷി രാഷ്ട്രീയമില്ലാതെ കെ.കെ. ഷൈലജക്കൊപ്പമാണ് താനടക്കമുള്ളവർ നിലകൊള്ളുന്നത്. ശ്രീമതി ടീച്ചർ അടക്കമുള്ളവർ രംഗത്തുവന്നതിൽ താനടക്കമുള്ളവർക്ക് സന്തോഷമുണ്ട്. ഈ വിഷയത്തിൽ സ്ത്രീകൾ ഒന്നിച്ച് നിൽക്കേണ്ടതാണെന്നും എന്നാൽ, അത്തരമൊരു നീക്കം സി.പി.എമ്മിന്‍റെ ഭാഗത്ത് നിന്ന് കാണാൻ സാധിച്ചിട്ടില്ലെന്നും കെ.കെ. രമ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വ്യക്തി അധിക്ഷേപങ്ങളിൽ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ പൊലീസ് വകുപ്പ് നിഷ്ക്രിയമാണെന്ന് ഉമ തോമസും കുറ്റപ്പെടുത്തി. സ്വന്തം പാർട്ടിയിലെ സ്ത്രീകൾക്ക് പോലും തൊണ്ടയിടറി പറയേണ്ടി വന്നു. കെ.കെ. ഷൈലജയുടെ പരാമർശം ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയാണ്. പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ സ്ത്രീകളെ അധിക്ഷേപിച്ചു. പി. ജയരാജന്‍റെ അധിക്ഷേപത്തിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രതികരിക്കാൻ തയാറായില്ല. വ്യക്തി അധിക്ഷേപ പരാതിയിൽ നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകുന്നില്ല. അതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും ഉമ തോമസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.