സുഗന്ധവ്യഞ്ജനങ്ങളില്‍ വിഷഗന്ധം

തിരുവനന്തപുരം: നിത്യോപയോഗത്തിനുള്ള സുഗന്ധവ്യഞ്ജനങ്ങളില്‍ നിരോധിത കീടനാശിനിയുടെ സാന്നിധ്യം. ഏലക്ക, ചുക്ക്, ജീരകം, ഗരംമസാല തുടങ്ങി 11 ഇനം സുഗന്ധവ്യഞ്ജനങ്ങളില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അളവിലാണ് നിരോധിത കീടനാശിനികളുടെ അംശം കണ്ടത്തെിയത്. വെള്ളായണി കാര്‍ഷികകോളജിലെ ലബോറട്ടറിയിലായിരുന്നു പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സംസ്കരിച്ച ഭക്ഷ്യ വസ്തുക്കള്‍, ഉണക്കിയ പഴവര്‍ഗങ്ങള്‍, പാക്കറ്റിലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവ പരിശോധിച്ചത്. തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍-ഹൈപ്പര്‍-ജൈവമാര്‍ക്കറ്റുകളില്‍നിന്ന് ശേഖരിച്ചവയായിരുന്നു 21 സാമ്പിളുകള്‍.

ഏലക്കയുടെയും ചുക്കിന്‍െറയും ജീരകപ്പൊടിയുടെയും പരിശോധിച്ച മുഴുവന്‍ സാമ്പിളുകളിലും വിഷാംശം ഉണ്ടായിരുന്നു. ഏലക്കയില്‍  മാരകവിഷമായ എത്തിയോണ്‍ ഉള്‍പ്പെടെ എട്ടുതരം കീടനാശിനികളുടെ സാന്നിധ്യം കണ്ടത്തെി; ചുക്ക്പൊടിയില്‍ മീഥൈല്‍ പാരത്തിയോണ്‍, ജീരകത്തില്‍ പ്രൊഫെനോഫോസും. ഇതുരണ്ടും 2011ല്‍ സംസ്ഥാനത്ത് നിരോധിച്ചവയാണ്. കൊച്ചുകുട്ടികള്‍ക്കുവരെ നല്‍കുന്ന ഉണക്കമുന്തിരിയും വിഷമുക്തമല്ല. വറ്റല്‍മുളക്, ഗരംമസാല, കശ്മീരി മുളക് തുടങ്ങി നിത്യവും കറികളിലും മറ്റും ചേര്‍ത്ത് കഴിക്കുന്നവയിലും മാരകവിഷാംശങ്ങളാണുള്ളത്. മല്ലിയില, കറിവേപ്പില, പച്ചമുളക്, ജീരകപ്പൊടി എന്നിവയിലാണ് പ്രൊഫെനോഫോസ് ഏറെയുള്ളത്. മാരക കീടനാശിനിയായതിനാലാണ് ഇത് നിരോധിച്ചത്. 

ഏലക്കയില്‍ ക്യുനാല്‍ഫോസ്, ക്ളോര്‍പൈര്‍ഫോസ്, ബൈഫെന്‍ത്രിന്‍, ലാംബ്ഡാ സൈഹാലോത്രിന്‍, സൈപെര്‍മെത്രിന്‍, ഫെന്‍ലാവേറ്റ്, ഫൊസലോണ്‍ എന്നിവയാണ് കണ്ടത്തെിയത്. വറ്റല്‍മുളകില്‍ എത്തിയോണ്‍, ക്ളോര്‍പൈറിഫോസ് എന്നിവയും മുളക് പൊടിയില്‍ എത്തിയോണും ബൈഫെന്‍ത്രിനും ലാംബ്ഡാ സൈഹാലോത്രിനും ചതച്ച മുളകില്‍ എത്തിയോണും ജീരകത്തില്‍ ക്ളോര്‍പൈറിഫോസും കുമനാല്‍ ഫോസുമാണുണ്ടായിരുന്നത്. 

സര്‍വകലാശാല പരിശോധന തുടങ്ങിയതിനുശേഷം പച്ചക്കറിയിലെ വിഷാംശത്തിന്‍െറ അളവ് കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, സുഗന്ധവ്യഞ്ജനങ്ങളിലെ വിഷാംശത്തില്‍ നേരിയ അളവില്‍പോലും കുറവ് കാണിക്കുന്നില്ല. ക്ളോര്‍ പൈരിഫോസ്, എത്തിയോണ്‍ ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ ഹോര്‍മോണ്‍ തകരാറിനും അര്‍ബുദത്തിനും വരെ കാരണമാവുന്നതാണ്. 

സുഗന്ധവ്യഞ്ജനങ്ങളിലെ വിഷാംശത്തിന്‍െറ സാന്നിധ്യത്തില്‍ ബ്രാന്‍ഡ് വ്യത്യാസമില്ളെന്നതാണ് ശ്രദ്ധേയം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഉപഭോക്തൃതല പാക്കേജ് ഫെബ്രുവരിയില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 

Tags:    
News Summary - pestisides in spices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.