കൊച്ചി: തുടർച്ചയായി അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധന. പെട്രോളിന് 69 പൈസയും ഡീസലിന് 1.13 രൂപയുമാണ് ഈ കാലയളവിൽ കൂടിയത്.
കൊച്ചിയിൽ പെട്രോളിന് 82.14 രൂപയും ഡീസലിന് 75.61 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. തിരുവനന്തപുരത്ത് ഇത് യഥാക്രമം 83.59 രൂപയും 77.06 രൂപയുമാണ്. 50 ദിവസത്തോളം വില സ്ഥിരത തുടർന്ന ശേഷം നവംബർ 20നാണ് വർധന തുടങ്ങിയത്.
ഈ നാളുകളിൽ ക്രൂഡ് ഓയിൽ വിലയിലും വർധനവുണ്ടായി. ചൊവ്വാഴ്ച ബ്രാൻഡ് ക്രൂഡോയിൽ വില ബാരലിന് 46.23 ഡോളറായി. 0.32 ശതമാനം വർധനവാണ് തിങ്കളാഴ്ചത്തേതിനേക്കാൾ രേഖപ്പെടുത്തിയത്.
എണ്ണക്കമ്പനികളാണ് ദിനംപ്രതി വില പുതുക്കിനിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വരുന്ന മാറ്റത്തിെൻറ അടിസ്ഥാനത്തിലും രൂപയുടെ മൂല്യമനുസരിച്ചുമാണ് വിലയിലെ ഏറ്റക്കുറച്ചിൽ നിശ്ചയിക്കുന്നത്. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം രണ്ടുമാസത്തോളം വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ, മേയിൽ കേന്ദ്ര സർക്കാർ പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും എക്‌സൈസ് നികുതി ഉയർത്തി. ജൂൺ ആദ്യവാരം വീണ്ടും പ്രതിദിന വർധന തുടങ്ങി. തുടർച്ചയായി ആഴ്ചകളോളം വിലവർധിപ്പിച്ചത് കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടിയായിരുന്നു. പിന്നീട് സെപ്റ്റംബർ 22 മുതൽ പെട്രോളിനും ഒക്ടോബർ രണ്ടു മുതൽ ഡീസലിനും വില പുതുക്കിയിരുന്നില്ല.
കോവിഡ് ലോക്ഡൗൺ ഭാഗമായി ഇന്ധന ഉപഭോഗത്തിൽ വന്ന കുറവിെന തുടർന്ന് വില താഴ്ന്നതോടെ ഉൽപാദനം വെട്ടിക്കുറക്കാൻ എണ്ണ ഉൽപാദകരായ ഒപെക് തീരുമാനിച്ചിരുന്നു. ഓരോ ദിനവും 7.7 ദശലക്ഷം ബാരലിെൻറ കുറവാണ് വരുത്തിയത്. അടുത്ത വർഷം മാർച്ച് വരെ ഉൽപാദനം വെട്ടിക്കുറക്കുന്നത് തുടരുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.