കൊച്ചി: െറക്കോഡും കടന്ന് സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കത്തിക്കയറുന്നു. ചൊവ്വാഴ്ച പെട്രോൾ ലിറ്ററിന് 14 പൈസയും ഡീസലിന് 19 പൈസയും വർധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയും ഡീസലിന് 71.52 രൂപയുമായിരുന്നു വില. ഇന്ധവില ഇൗ രീതിയിൽ തുടർന്നാൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റമടക്കം കടുത്ത പ്രതിസന്ധിയാണ് വരുംദിവസങ്ങളിൽ കേരളത്തെ കാത്തിരിക്കുന്നത്.
ഇന്ധന വിലയിൽ ആഴ്ചകളായി തുടരുന്ന കുതിപ്പ് ചരക്ക് കടത്ത്, കെ.എസ്.ആർ.ടി.സി, അവശ്യസാധനങ്ങളുടെ വില എന്നിവയെയെല്ലാം ബാധിച്ചുതുടങ്ങി. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലോറികളുടെ വാടകയിൽ ഇൗ വർഷം അഞ്ച് മുതൽ 10 ശതമാനം വരെ വർധനയുണ്ടായി. കേരളത്തിനകത്ത് ചരക്ക് കൊണ്ടുപോകുന്ന ലോറികളുടെ വാടക ഡീസൽ ലിറ്ററിന് 65 രൂപയായപ്പോൾ അഞ്ച് ശതമാനം വർധിപ്പിച്ചിരുന്നു. വീണ്ടും വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് കേരള ലോറി ഒാണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. ഹംസ പറഞ്ഞു.
മാർച്ച് ഒന്നുമുതൽ ഉണ്ടായ നിരക്ക് വർധനയുടെ പ്രയോജനം ഡീസൽ വില കൂടിയതോടെ ഇല്ലാതായെന്ന പരാതിയിലാണ് സ്വകാര്യ ബസുടമകൾ. പ്രതിദിന ചെലവിൽ 500 രൂപയിലധികം വർധനയുണ്ടായതായി ഇവർ പറയുന്നു. ഇൗ സാഹചര്യത്തിൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ 28ന് തൃശൂരിൽ ബസുടമകളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് കേരള ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു പറഞ്ഞു. സെക്രട്ടേറിയറ്റ് മാർച്ച് അടക്കം സമരപരിപാടികൾക്ക് രൂപംനൽകാനുള്ള ആലോചനയിലാണ് ബസുടമകൾ.
ഡീസൽ വിലക്കയറ്റം കെ.എസ്.ആർ.ടി.സിയെയും ബാധിച്ചു. ദിനേന 4,70,000 ലിറ്റർ ഡീസലാണ് കോർപറേഷന് ആവശ്യം. വില ഗണ്യമായി വർധിച്ചതോടെ 4.23 കോടിയയുടെ അധിക ചെലവുണ്ടായതായി അധികൃതർ പറയുന്നു. ചരക്ക് കടത്ത് കൂലി കൂടുന്നതോടെ വരുംദിവസങ്ങളിൽ അവശ്യസാധനങ്ങളുടെ വില ഉയരാനിടയുണ്ടെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന പ്രവണത നിലനിൽക്കുന്നതിനാൽ ഇന്ധനവില ഉടനൊന്നും കുറയാനും സാധ്യതയില്ല. നികുതി കുറച്ച് വില താഴ്ത്താനുള്ള സാധ്യതകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തള്ളിക്കളഞ്ഞിട്ടുമുണ്ട്.
വിലവർധനക്ക് പിന്നിൽ
●ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് (159.98 ലിറ്റർ) 74.18 രൂപയിലെത്തി
● എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം വെട്ടിക്കുറച്ചു
●എണ്ണവില ബാരലിന് 75 മുതൽ 100 ഡോളർ വരെ എത്തിക്കാനും 80 ഡോളറിലെത്തിയാൽ മാത്രം ഉൽപാദനം കൂട്ടാനുമുള്ള സൗദിയുടെ തീരുമാനം
● വെനിേസ്വലയിൽ എണ്ണ ഉൽപാദനം മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ
● ഡോളർ ശക്തിപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.