കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ പി.ജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കുന്നു. സ്റ്റൈപ്പൻഡ് വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പി.ജി മെഡിക്കൽ, ഡെന്റൽ വിദ്യാർഥികളും ഹൗസ് സർജന്മാരും ഉൾപ്പെടുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ 24 മണിക്കൂർ പണിമുടക്ക് ഇന്നുരാവിലെ എട്ട് മുതലാണ്. അത്യാഹിത വിഭാഗങ്ങളിൽ നിന്നുൾപ്പെടെ ഇവർ വിട്ടുനിൽക്കും.
വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 29ന് പി.ജി ഡോക്ടർമാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ, പണിമുടക്കിൽ ഉന്നയിച്ച കാര്യങ്ങളിൽ സർക്കാറിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സമരം.
2019ലാണ് ഒടുവിൽ സ്റ്റൈപൻഡ് വർധന നടപ്പിലാക്കിയതെന്ന് പി.ജി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മുൻ ഉത്തരവ് പ്രകാരം നാലുശതമാനം വർധന നടപ്പാക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നതാണ്. നിലവിൽ 53,000 രൂപയാണ് നൽകുന്നത്. ഇത് 63,000 ആയി വർധിപ്പിക്കാമെന്ന ഉറപ്പാണ് ലംഘിച്ചത്. കെ.എം.പി.ജി.എ, കേരള ഹൗസ് സർജൻസ് അസോസിയേഷൻ, ഡെന്റൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ, കേരള ഡെന്റൽ ഹൗസ് സർജൻ അസോ. എന്നീ സംഘടനകൾ സംയുക്തമായാണ് പണിമുടക്കുന്നത്.
പി.ജി ഡോക്ടർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യ സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചിരുന്നെങ്കിലും പ്രവർത്തനം ആരംഭിച്ചില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. സമിതി പ്രവർത്തന സജ്ജമാക്കുക, ആരോഗ്യ സർവകലാശാല വിവിധ കോഴ്സുകൾക്ക് ചുമത്തിയ ഫീസ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി മുന്നോട്ട് വെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.