രണ്ടാംഘട്ട ലൈഫ് പദ്ധതി: കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 5,14,381 ഗുണഭോക്താക്കൾ ഉൾപ്പെടുന്ന രണ്ടാംഘട്ട ലൈഫ് പദ്ധതിയുടെ കരട്പട്ടിക പ്രസിദ്ധീകരിച്ചു. ഗുണഭോക്താക്കളിൽ 328041 പേർ ഭൂമിയുള്ള ഭവനരഹിതരും 186340 പേർ ഭൂമി ഇല്ലാത്തവരുമാണ്. രണ്ട് ഘട്ടമായി അപ്പീലിന് അവസരം നൽകിയശേഷം അന്തിമ ഗുണഭോക്തൃപട്ടിക ആഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കരട്പട്ടിക സംബന്ധിച്ച ഒന്നാംഘട്ട അപ്പീൽ ജൂൺ 17നകം ഗ്രാമപഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിൽ നഗര സെക്രട്ടറിക്കും സമർപ്പിക്കണം. അപ്പീൽ സമർപ്പിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്ക് ഒരുക്കും. അക്ഷയ സെൻറർ വഴിയും അപ്പീൽ നൽകാം. അപ്പീലിൽ ജൂൺ 29നകം തീർപ്പ് കൽപ്പിക്കും. ഒന്നാംഘട്ട അപ്പീലിന് ശേഷമുള്ള കരട്പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

അതിൽ ആക്ഷേപമുണ്ടെങ്കിൽ ജൂലൈ എട്ടിനകം അതത് ജില്ല കലക്ടർക്ക് രണ്ടാംഘട്ട അപ്പീൽ സമർപ്പിക്കാം. ജൂലൈ 20നകം അപ്പീൽ തീർപ്പാക്കി പുതിയ കരട്പട്ടിക 22ന് പ്രസിദ്ധീകരിക്കും. തുടർന്ന് ആഗസ്റ്റ് അഞ്ചിനകം ഗ്രാമ/ വാർഡ് സഭ ചേർന്ന് പട്ടിക അംഗീകരിക്കും. പട്ടികയിൽ അനർഹർ ഉൾപ്പെട്ടെന്ന് കണ്ടെത്തിയാൽ അവരെ ഒഴിവാക്കാൻ ഗ്രാമ/ വാർഡ് സഭകൾക്ക് അധികാരമുണ്ട്. തുടർന്ന് പത്താം തീയതിക്കകം പഞ്ചായത്ത്/ നഗരസഭ ഭരണസമിതി അംഗീകരിക്കും. ഇതിനുശേഷമാവും അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കുക.

സംസ്ഥാനത്ത് അതിദരിദ്രരായി 64006 പേർ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഇവർക്കെല്ലാം ലൈഫ് പദ്ധതിയിൽ വീട് നൽകുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Phase II Life scheme: Draft Beneficiary List Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.