പി.എച്ച്.ഡി പ്രവേശനം: കാലടി മുൻ വി.സി ധർമരാജ് അടാട്ട് ഇടപെട്ടതിന്‍റെ ശബ്ദരേഖ പുറത്ത്

കോഴിക്കോട്: കാലടി സംസ്കൃത സർവകലാശാലയിലെ പി.എച്ച്.ഡി പ്രവേശനത്തിൽ വൈസ് ചാൻസലറായിരുന്ന ധർമരാജ് അടാട്ട് ഇടപെട്ടതിന്‍റെ ശബ്ദരേഖ പുറത്ത്. 2021ൽ പി.എച്ച്.ഡി പ്രവേശന പട്ടികയിൽ വിദ്യാർഥിയെ ഉൾപ്പെടുത്താൻ വി.സി നേരിട്ട് ആവശ്യപ്പെടുന്നതിന്‍റെ ശബ്ദരേഖയാണ് മീഡിയവൺ പുറത്തുവിട്ടത്. വിജയകുമാർ എന്ന വിദ്യാർഥിയെ പരിഗണിക്കണമെന്നാണ് സംസ്കൃതം സാഹിത്യം വിഭാഗം മേധാവിയായ പി.വി നാരായണനോട് ഫോണിലൂടെ വി.സി ആവശ്യപ്പെട്ടത്.

അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിൽ 10 പേരെ ഉൾപ്പെടുത്താനാണ് സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇവർക്കൊപ്പം ജെ.ആർ.എഫും ദേശീയ സ്കോളർഷിപ്പും ലഭിച്ച രണ്ടു പേരെ കൂടി ഉൾപ്പെടുത്തി. വി.സി ശിപാർശ ചെയ്ത വിദ്യാർഥിയെ ഉൾപ്പെടുത്താത്തതിനാൽ 2021ലെ പി.എച്ച്.ഡി പ്രവേശന പട്ടിക റദ്ദാക്കപ്പെട്ടു. മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പട്ടിക റദ്ദാക്കൽ. തുടർന്ന് പി.വി നാരായണനെ സംസ്കൃതം സാഹിത്യം വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് മാറ്റി പുതിയ ആളെ നിയമിക്കുകയായിരുന്നു.

2022 ഫെബ്രുവരിയിൽ നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ പി.എച്ച്.ഡി പ്രവേശന അഭിമുഖത്തിന് വന്ന 16 പേരെയും പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഈ 16 പേരിൽ വിജയകുമാറും ഉൾപ്പെട്ടു. ഇവർ നിലവിൽ ഗവേഷകരായി സർവകലാശാലയിൽ തുടരുകയാണ്. 10 പേരെ ഉൾപ്പെടുത്താനുള്ള ഫണ്ട് ആണ് സർവകലാശാല നീക്കിവെച്ചിരുന്നത്. എന്നാൽ, സർവകലാശാലക്ക് അധിക ബാധ്യത വരുന്ന തരത്തിൽ അഭിമുഖത്തിന് വന്ന 16 പേരെയും സിൻഡിക്കേറ്റ് ഉൾപ്പെടുത്തുകയായിരുന്നു.

അതേസമയം, പുറത്തുവന്ന ശബ്ദരേഖ തന്‍റേതല്ലെന്ന് ധർമരാജ് അടാട്ട് പ്രതികരിച്ചു. വകുപ്പ് മേധാവി എന്ന നിലയിൽ പി.വി നാരായണനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും മുൻ വി.സി വ്യക്തമാക്കി.

എന്നാൽ, പി.എച്ച്.ഡി പ്രവേശന പട്ടികയിൽ വിദ്യാർഥിയെ ഉൾപ്പെടുത്തുന്ന കാര്യം ധർമരാജ് അടാട്ട് തന്നോട് സംസാരിച്ചെന്ന് പി.വി നാരായണൻ ആവർത്തിച്ചു. വി.സിയായിരുന്ന ആൾ നടത്തിയത് ഒരു ഇടപെടലാണ്. വി.സി നടത്തിയ നിയമവിരുദ്ധ നടപടി വകുപ്പ് മേധാവിയുടെ പ്രവർത്തനത്തിലുള്ള കൈകടത്തലാണെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയിൽ നൈതികവും നിയമപരവുമായ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി സർവകലാശാലക്ക് കത്ത് നൽകിയിരുന്നു. തന്നെ താൽകാലികമായി മാറ്റി നിർത്തുകയാണെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. അന്വേഷണ കമീഷനെ പ്രഖ്യാപിച്ചെങ്കിലും യാതൊരു പ്രവർത്തനവും നടന്നില്ല. താൻ നിലവിൽ പുറത്താണെന്നും ഇക്കാര്യം പുതിയ വി.സിയെ അറിയിച്ചിട്ടുണ്ടെന്നും പി.വി നാരായണൻ വ്യക്തമാക്കി. 

Tags:    
News Summary - PhD Admission: Audio recording of former Kaladi VC Dharmaraj Atat's intervention is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.