തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രെൻറ രാജിയിൽ കലാശിച്ച ഫോൺ സംഭാഷണത്തിെൻറ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കും. വിവാദ ഫോൺകാളിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാകും പൊലീസ് പരിശോധിക്കുക. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റയുമായി ഫോണിലൂടെ സംസാരിച്ചതായാണ് പ്രാഥമിക വിവരം.
വിവാദ ഫോൺ സംഭാഷണത്തിൽ പരാതിക്കാരി പ്രത്യക്ഷത്തുവരാത്ത സാഹചര്യത്തിൽ കേസുണ്ടാകില്ലെന്നായിരുന്നു ആദ്യവിലയിരുത്തലെങ്കിലും സമഗ്രമായ അന്വേഷണം വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രനും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഫോൺസംഭാഷണം പുറത്തുവന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പരാതിക്കാർ രംഗത്ത് വരാത്തത് ശ്രദ്ധേയമായി. പരാതിക്കാരില്ലാത്ത സംഭവത്തിനുപിന്നാലെ പോകാനില്ലെന്ന് കോൺഗ്രസ് എം.എൽ.എ വി.ടി. ബൽറാം ചാനൽ ചർച്ചയിൽ പ്രതികരിക്കുകയും ചെയ്തു. ഇതിനുതൊട്ടുപിന്നാലെ അനിൽ അക്കര എം.എൽ.എ സ്ത്രീകൾക്കാകെ നാണക്കേടായ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ശശീന്ദ്രനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൈമാറി. ഇതോടെ കേസന്വേഷണം ഒഴിവാക്കാനാകാത്ത സാഹചര്യമാണ് പൊലീസിനുള്ളത്.
എന്നാൽ, ഏതുതരം അന്വേഷണം വേണമെന്നും ഏത് ഏജൻസിക്ക് കൈമാറണമെന്നതും സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. സൈബർ പൊലീസിെൻറ സഹായത്തോടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത തെളിയുന്നത്. ഇതുസംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ലെങ്കിലും ഫോൺചോർത്തലിനെ ചുറ്റിപ്പറ്റിയാകും അന്വേഷണം പുരോഗമിക്കുകയെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. പുതിയ ചാനലിെൻറ ലോഞ്ചിങ്ങിെൻറ ഭാഗമായാണ് വിവാദ ശബ്ദരേഖ പുറത്തുവന്നത്. ഇതാര് ചെയ്തു, പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, സർക്കാർ കേന്ദ്രങ്ങളിൽനിന്നോ മുന്നണിയിൽനിന്നോ ആരെങ്കിലും സഹായം ലഭ്യമാക്കിയോ എന്നീ കാര്യങ്ങളും പരിശോധിക്കും. ഇടതുമുന്നണിയിലെ ഒരു എം.എൽ.എക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിൽ ആക്ഷേപം നിറഞ്ഞിരുന്നു.
ഇതിനെ ചുറ്റിപ്പറ്റിയും അന്വേഷണമുണ്ടാകും. മന്ത്രിമാർ ഉൾപ്പെടെ പല ഉന്നതരുടെയും ഫോൺവിളികൾ കേരള പൊലീസ് ചോർത്തുന്നെന്ന് അനിൽ അക്കര എം.എൽ.എ നിയമസഭയിൽ ആരോപിച്ചിരുന്നു. ഇതിൽ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർക്കാറിനെ പ്രതിസന്ധിയിലാക്കാൻ ഏതെങ്കിലും തലത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടോയെന്നാണ് രഹസ്യാന്വേഷണവിഭാഗം പരിശോധിക്കുന്നത്. അനിൽ അക്കരയുടെ ആരോപണങ്ങൾ അതേപടി അംഗീകരിക്കുന്നില്ലെങ്കിലും പൂർണമായി തള്ളാൻ ഇൻറലിജൻസ് തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ, സംഭവത്തിന് പിന്നിൽ കേരള പൊലീസിെൻറ പങ്കും അന്വേഷണവിധേയമാക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.