തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ശശീന്ദ്രെൻറ രാജിയിൽ കലാശിച്ച വിവാദ ഫോൺസംഭാഷണം സംപ്രേഷണം ചെയ്ത കേസിൽ ‘മംഗളം’ ചാനൽ സി.ഇ.ഒ അടക്കം ഒമ്പതുപേർ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങി. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ ഇവരെ ഐ.ജി ദിനേന്ദ്ര കശ്യപിെൻറ നേതൃത്വത്തിലുള്ള സംഘം 11 മണിക്കൂറോളം ചോദ്യം ചെയ്തു.
‘മംഗളം’ ടെലിവിഷൻ ചെയർമാൻ സാജൻ വർഗീസ്, സി.ഇ.ഒ ആർ. അജിത്കുമാർ, ന്യൂസ് കോഓഡിനേറ്റിങ് എഡിറ്റർമാരായ എം.ബി. സന്തോഷ്, ഋഷി കെ. മനോജ്, ചാനലിെൻറ അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന കെ. ജയചന്ദ്രൻ (എസ്. നാരായണൻ), ന്യൂസ് എഡിറ്റർമാരായ ലക്ഷ്മി മോഹൻ, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ്, മഞ്ജിത് വർമ എന്നിവരാണ് കീഴടങ്ങിയത്. മന്ത്രിയുമായി സംസാരിെച്ചന്ന് കരുതപ്പെടുന്ന സ്ത്രീ ശാരീരിക അസ്വാസ്ഥ്യം കാരണം ചികിത്സയിലാണെന്നും ഇവർ പിന്നീട് ഹാജരാകുമെന്നും ചാനൽ മേധാവി ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചതായാണ് വിവരം.
പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു. ചാനൽ ഉന്നതരെയും എഡിറ്റോറിയൽ അംഗങ്ങളെയും ഒറ്റക്കും കൂട്ടായും ചോദ്യം ചെയ്തു. മൊഴികളിൽ വൈരുധ്യമുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ഇത്.
മന്ത്രിയെ കുടുക്കാൻ ചാനൽസംഘം ‘ഹണി ട്രാപ്’ ഒരുക്കിയെന്ന് തെളിയിക്കുന്ന ചില വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭ്യമായതായാണ് വിവരം. വിവാദത്തെ തുടർന്ന് ചാനലിൽനിന്ന് രാജിവെച്ച ലേഖിക അൽനീമ അഷ്റഫിെൻറ മൊഴിയും ചൊവ്വാഴ്ച രേഖപ്പെടുത്തി.
അതേസമയം, തെൻറ മൊബൈൽഫോണും ലാപ്ടോപ്പും മോഷണം പോയെന്ന് കാട്ടി സി.ഇ.ഒ തിങ്കളാഴ്ച രാത്രി മ്യൂസിയം പൊലീസിൽ പരാതി നൽകിയിരുന്നു.
വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ റസ്റ്റാറൻറിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ കാർ ലോക്ക് ചെയ്യാൻ മറന്നെന്നും ഈ തക്കത്തിന് ആരോ കാറിലുണ്ടായിരുന്ന വസ്തുവകകൾ മോഷ്ടിെച്ചന്നുമാണ് പരാതി. ഇതിെൻറ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ വഴിത്തിരിവുണ്ടാക്കാനുള്ള ബോധപൂർവമായ നീക്കമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് രണ്ടു പരാതിയാണ് പൊലീസിന് ലഭിച്ചത്.
എൻ.വൈ.സി സംസ്ഥാന പ്രസിഡൻറ് മുജീബ് റഹ്മാെൻറ പരാതിയിൽ ഒമ്പതുപേർക്കെതിരെയും അഡ്വ. ശ്രീജ തുളസിയുടെ പരാതിയിൽ ഏഴുപേർക്കെതിരെയുമാണ് കേസെടുത്തത്. ഐ.പി.സി 120 B, 167, IT Act 67 വകുപ്പുകൾ പ്രകാരമാണ് കേസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.