'ഏ​ട്ട​ന്‍റെ വാവയെ എടുത്ത് നിൽക്കുന്ന വിസ്മയ' നൊമ്പരമായി ജീവൻ തുടിക്കുന്ന ചിത്രം -വൈറൽ

കൊല്ലം: സഹോദര​ന്‍റെ കുഞ്ഞി​നെ എടുത്ത് നിൽക്കുന്ന വിസ്മയ -സമൂഹമാധ്യമങ്ങളിൽ വൈറലായി വിസ്മയയുടെ ജീവൻ തുടിക്കുന്ന ചിത്രം. സ്ത്രീധന പീഡനത്തിനൊടുവിൽ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയാണ് വിസ്മയയെ. വിസ്മയയുടെ സഹോദരൻ വിജിത്തി​ന്‍റെ കുഞ്ഞായ നീൽ വി. വിക്രമിനെ എടുത്തു നിൽക്കുന്നതാണ് ചിത്രം.

2021 ജൂൺ 21ന് വിസ്മയ മരിക്കുമ്പോൾ വിജിത്തി​ന്‍റെ ഭാര്യ ഡോ. രേവതി ആറുമാസം ഗർഭിണിയായിരുന്നു.ഇവർക്ക് കുഞ്ഞുപിറന്നപ്പോൾ സഹോദരി​ കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രം വരക്കാൻ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജില ജാനിഷിനെ സമീപിക്കുകയായിരുന്നു. 'രേവതി ആറുമാസം ഗർഭിണിയായിരുന്നപ്പോഴാണ് മോള് മരിക്കുന്നത്. വാവയെ എടുക്കാൻ പറ്റിയില്ല. മോ​ള് വാവയെ എടുത്ത്നിൽക്കുന്ന ചിത്രം വരച്ചുതരാമോ?' എന്നായിരുന്നു വിജിത്തി​ന്‍റെ ആവശ്യം. കഴിഞ്ഞദിവസം വിസ്മയയുടെ വീട്ടിൽ ചിത്രം ലഭിച്ചു.


വളരെ വേദനയോടെയാണ് വിസ്മയയുടെ ചിത്രം വരച്ചുതീർത്തതെന്ന് അജില പറയുന്നു. ഒരു കുറിപ്പിനൊപ്പം ചിത്രവും അജില ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

'ഈ വർക്കി​ന്‍റെ തുടക്കം മുതൽ ചെയ്തു കഴിയുംവരെ വല്ലാത്തൊരു വിങ്ങലായിരുന്നു മനസ് മുഴുവനും. Pic Frame ചെയ്തതിന് ശേഷം രണ്ടുദിവസം എ​ന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു. എ​ത്രയോ തവണ കണ്ണെടുക്കാതെ നോക്കിയിരുന്നുപോയി ആ കണ്ണുകളിലേക്ക്. എന്തോ വല്ലാത്തൊരു സങ്കടും സന്തോഷവും എല്ലാം കൂടി. മൂന്നാംദിവസം Pack ചെയ്യാനായി എടുത്തപ്പോൾ നെഞ്ച് പൊട്ടുന്ന ഒരു ഫീൽ ആയിരുന്നു. പോകാണോ എന്ന് ചോദിച്ച് ആ കവിളിൽ ഒരു ഉമ്മ കൊടുത്തു. കൊണ്ടുപോവാൻ Courier വണ്ടി വന്നപ്പോൾ പ്രിയപ്പെട്ട ആരോ വീട്ടിൽനിന്ന് പോകുന്ന ഫീൽ ആയിരുന്നു' -അജില ജനീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കൊല്ലം ശാസ്താംകോട്ട ശാസ്താംനടയിലെ ഭർതൃവീട്ടിലാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ഐ.ജി ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10 കുറ്റപത്രം ഹാജരാക്കി. 2019 മേയ് 31 വിവാഹിതയായ വിസ്മയയെ സ്ത്രീധനത്തിന് വേണ്ടി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുറ്റപത്രം. 

Tags:    
News Summary - Photo of Vismaya with brothers baby goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.