കൊട്ടാരക്കര: കായിക വിദ്യാഭ്യാസം സംബന്ധിച്ച ഹയർ സെക്കൻഡറി സർക്കുലറിൽ വ്യാപക പ്രതിഷേധം. ഹയർ സെക്കൻഡറിയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ആഴ്ചയിലെ രണ്ട് പീരിയഡുകളാണ് കായികപഠനത്തിന് വേണ്ടി നീക്കിവെച്ചിട്ടുള്ളത്.
എന്നാൽ ഹയർ സെക്കൻഡറിയിൽ കായികാധ്യാപക നിയമനമില്ല. സ്കൂളിനെ ഒരു യൂനിറ്റായി പരിഗണിച്ചുകൊണ്ട് ഹൈസ്കൂളിലെ കായികാധ്യാപകെന്റെ സേവനം വിനിയോഗിക്കുകയോ അല്ലാത്തപക്ഷം ഹയർ സെക്കൻഡറിയിലെ മറ്റ് അധ്യാപകരുടെ സേവനം ഉപയോഗിക്കുകയോ വേണമെന്ന് കാണിച്ചിട്ടുള്ള ഹയർ സെക്കൻഡറി വിഭാഗം ജോയന്റ് ഡയറക്ടറുടെ സർക്കുലർ ഇറങ്ങിയിട്ടുള്ളതിൽ കായികാധ്യാപകർ ശക്തമായ പ്രതിഷേധത്തിലാണ്.
ഹയർ സെക്കൻഡറിയിൽ കായികപഠനം ആവശ്യപ്പെട്ട് വിദ്യാർഥികൾ സംസ്ഥാന ബാലാവകാശ കമീഷനെ സമീപിക്കുകയും അക്കാര്യത്തിൽ കമീഷൻ വിദ്യാർഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അക്കാരണംകൂടി ചൂണ്ടിക്കാട്ടി ഇത്തരത്തിൽ ചട്ടവിരുദ്ധമായ ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത്.
കോളജുകളിൽനിന്ന് പ്രീഡിഗ്രിവിദ്യാഭ്യാസം വേർപ്പെടുത്തി ഹയർ സെക്കൻഡറി വിഭാഗം രൂപവത്കരിച്ച കാലം മുതൽ അവിടെ വിദ്യാർഥികൾക്ക് കായികവിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ഹയർ സെക്കൻഡറിയിൽ കായികാധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്ന് വിദ്യാർഥികളും സ്കൂൾ അധികാരികളും കായികാധ്യാപക സംഘടനകളും ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്.
അതിനോട് നിസ്സംഗത പുലർത്തിയ അധികാരികൾ ബാലാവകാശ കമീഷന്റെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് കമീഷനെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു സർക്കുലർ ഇറക്കിയത്. ഈ ഉത്തരവ് അധ്യാപകർക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കാൻ മാത്രമേ ഇടനൽകൂ.
ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക തസ്തിക സൃഷ്ടിച്ച് സ്ഥിരനിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും കായികാധ്യാപകരോട് തുടർച്ചയായി കാണിച്ചുവരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവഗണനാപരമായ നിലപാടുകളിൽ ശക്തമായ പ്രതിഷേധവും കൊട്ടാരക്കരയിൽ ചേർന്ന സംയുക്ത കായികാധ്യാപക സംഘടന സംസ്ഥാന കൗൺസിൽ യോഗം രേഖപ്പെടുത്തി. കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസിറ്റ് മോൻ ജോൺ, ജനറൽ സെക്രട്ടറി എസ്. പ്രദീപ് കുമാർ, ഡിപ്പാർട്െമന്റൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. സുനിൽകുമാർ, ജനറൽ സെക്രട്ടറി വി.വി. വിജയൻ, കെ. നബീൽ, സുബൈർ, കെ.എ. റിബിൻ, കൃഷ്ണദാസൻ, ശശീന്ദ്രൻ, അലക്സ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.