ശബരിമല: കാലാവസ്ഥ അനുകൂലമായതും നിയന്ത്രണങ്ങൾ നീക്കിയതും മൂലം ശബരിമലയിൽ തീർഥാടക തിരക്ക് വർധിക്കുന്നു. ഞായറാഴ്ച ഉച്ചവരെ സന്നിധാനത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച വിർച്വൽ ക്യൂ വഴി 16,479 പേരാണ് ദർശനം ബുക്ക് ചെയ്തത്. ഇ
തിൽ 7250 പേർ ഉച്ചപൂജക്കുശേഷം നട അടക്കുന്നതിന് മുന്നോടിയായി സന്നിധാനത്ത് എത്തി. ഉച്ചക്കുശേഷം തീർഥാടകപ്രവാഹം മന്ദഗതിയിലായിരുന്നു. വിരിവെക്കാൻ സന്നിധാനത്ത് അനുവദിക്കാത്തതും നെയ്യഭിഷേകത്തിന് നിയന്ത്രണങ്ങൾ ഉള്ളതും മൂലം അന്തർ സംസ്ഥാനത്തുനിന്നുള്ളവർ ഉച്ചകഴിഞ്ഞ് എത്താൻ മടിക്കുന്നതാണ് തിരക്ക് കുറയാൻ കാരണം. തെളിഞ്ഞുനിന്ന അന്തരീക്ഷം ഞായറാഴ്ച ദീപാരാധനക്കുശേഷം കനത്ത മഴക്ക് വഴിമാറി.
തിരക്ക് വർധിക്കുന്നത് പരിഗണിച്ച് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാനുള്ള നടപടി വേഗത്തിലാക്കാൻ അധികൃതരുടെ നീക്കം തുടങ്ങി. പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ശബരിമല എ.ഡി.എം അർജുൻ പാണ്ഡ്യെൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച സന്നിധാനത്ത് ഉദ്യോഗസ്ഥരുടെ യോഗം നടക്കും. പരമ്പരാഗത പാത തുറന്നതിന് ശേഷം ദർശനത്തിന് അനുവദിക്കുന്നവരുടെ എണ്ണം 30,000ൽനിന്ന് ഉയർത്തുന്നത് സംബന്ധിച്ച് സർക്കാറിനെ സമീപിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം.
നീലിമല വഴിയുള്ള പാതയുടെ നവീകരണം മരക്കൂട്ടം മുതൽ അപ്പാച്ചിമേട് വരെ പൂർത്തിയായിട്ടുണ്ട്. പാതയിലെ ഉദ്യോഗസ്ഥ വിന്യാസം അടക്കമുള്ളവയിൽ നടപടി വേഗത്തിലാക്കണമെന്ന് ബോർഡ് സർക്കാറിനോട് ആവശ്യപ്പെടും. അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലേക്കുള്ള നിയമനങ്ങൾ അടക്കം ഇഴഞ്ഞുനീങ്ങുന്ന പശ്ചാത്തലത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.