ശബരിമല: പന്ത്രണ്ടുവിളക്കിന് ദിനങ്ങൾമാത്രം അവശേഷിക്കേ തുടർച്ചയായ രണ്ടാംദിനവും ശബരിമലയിലേക്ക് തീർഥാടകപ്രവാഹം. നടപ്പന്തലിന് പുറത്തേക്ക് നീണ്ട ക്യൂ ചില സമയങ്ങളിൽ വനംവകുപ്പ് ഓഫിസ് വരെയായി. ഈ തീർഥാടനകാലത്ത് നടതുറന്ന ശേഷമുള്ള ഏറ്റവുംവലിയ തിരക്കാണ് വെള്ളി, ശനി ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
ശനിയാഴ്ച രാത്രിയും നല്ലതിരക്ക് അനുഭവപ്പെട്ടു. എന്നാൽ, വെർച്വൽ ക്യൂ ബുക്ക് ചെയ്യുമ്പോൾ അവരവർക്ക് ലഭിക്കുന്ന സമയത്ത് എത്തിയാൽ ഒന്നര മണിക്കൂറിനകം ദർശനം നടത്താനാകുമെന്ന് പൊലീസ് പറഞ്ഞു. ഒരുമിനിറ്റിൽ 60-65 പേരെ വീതം പതിനെട്ടാംപടി കയറ്റിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ശനിയാഴ്ച മൂന്നുമണിക്കൂർ വരെ കാത്തുനിന്നാണ് പലരും ദർശനം നടത്തിയത്. മുക്കാൽ ലക്ഷത്തോളം തീർഥാടകർ ശനിയാഴ്ച ദർശനം നടത്തി. 55,803 തീർഥാടകരാണ് ഞായറാഴ്ച വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരുന്നത്. തിങ്കളാഴ്ച 63,177 പേർ ബുക്ക് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പതിനായിരത്തിലേറെപ്പേർ സ്പോട്ട് ബുക്കിങ് വഴി ദർശനത്തിനെത്തി. കാനനപാതകളായ കരിമല, പുല്ലുമേട് വഴിയും തീര്‍ഥാടക പ്രവാഹമാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ശബരിമലയിൽ കനത്ത മഴ പെയ്തു. ഇത് മലകയറിവന്ന തീർഥാടകർക്ക് നേരിയതോതിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.