പാലക്കാട്: വേണ്ടി വന്നാൽ കേരള സർക്കാറിനെ വലിച്ചു താഴെയിടുമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘സർക്കാറിനെ വലിച്ചിടാൻ അമിത് ഷാക്ക് ഈ തടി പോര. കണ്ടിടത്തോളം ആ തടിയിൽ വെള്ളമാണ് കൂടുതൽ. അമിത് ഷാ കേരളത്തെ ഭയപ്പെടുത്താൻ നോക്കുന്നു. അത് ഗുജറാത്തിൽ മതി’’ -പിണറായി പറഞ്ഞു.
കേരളം പിടിച്ചടക്കാൻ വേണ്ടി മുമ്പ് ഒരു യാത്ര നടത്തിയല്ലോ. എന്നിട്ടെന്തായി. യാത്ര പൂർത്തിയാക്കും മുമ്പ് സ്ഥലം വിടേണ്ടി വന്നു. അമിത് ഷാ രണ്ടുമൂന്നു തവണ കേരളത്തിൽ വന്നാൽ തങ്ങളുടെ പണി കുറയും. കേരളത്തിൽ വന്നാൽ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിനു തന്നെ അറിയില്ല. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അദ്ധ്യക്ഷൻ പറയുന്ന കാര്യങ്ങൾ വസ്തുതാപരമാവണം. അമിത് ഷായുടെ വാക്കു കേട്ട് ഏതെങ്കിലും സംഘ്പരിവാറുകാർക്ക് ആവേശം വന്ന് ഇവിടെയൊന്ന് കളിച്ചു കളിയാം എന്നു തോന്നുന്നുണ്ടെങ്കിൽ ആ കളി ഇവിടെ അനുവദിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ചൊൽപ്പടിക്ക് നിൽക്കുന്നവരോട് മതി ഭീഷണി. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ വിവേകത്തോടെ സംസാരിക്കണം. തങ്ങൾക്കിഷ്ടമുള്ള വിധി പറഞ്ഞാൽ മതിയെന്ന് ഇവർ സുപ്രീം കോടതിയെ ഭീഷണിപ്പെടുത്തുകയാണ്. സാധാരണ ഗതിയിൽ അൽപന്മാർക്ക് മറുപടി പറയേണ്ടതില്ല. എന്നാൽ ഇതെല്ലാം വലിയ കാര്യമാണെന്ന് കരുതുന്ന ചിലർ അമിത് ഷാക്ക് പിറകിൽ അണിനിരന്നിട്ടുണ്ടെന്നതുകൊണ്ട് അവർക്ക് മനസ്സിലാവാനാണ് പറയുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
എത്ര കാലമായി കേരളത്തിൽ ബി.ജെ.പി രക്ഷപ്പെടാൻ നോക്കുന്നു. എന്താണു നടന്നത്? നിങ്ങൾക്കീ മണ്ണിൽ സ്ഥാനമില്ലെന്ന് ഓർക്കണമെന്നും അമിത് ഷായ്ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് ചിലർ സർക്കാറിനെ വലിച്ചിട്ട ഓർമയിലാണ് പ്രസ്താവനയെങ്കിൽ ഇനി അത് നടപ്പില്ല. നിങ്ങൾക്കിഷ്ടം പോലെ കയ്യേറാൻ കഴിയുന്ന സാധനമല്ല കേരളത്തിലെ ഗവൺമെൻറ്. അത് ജനങ്ങൾ കൈയിലെടുത്ത് ഉയർത്തി വെച്ച സാധനമാണ്. ഇൗ നാടിനെയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്നും പിണറായി പറഞ്ഞു.
ശബരിമല വിഷയത്തിൽ പിപ്പിരി കാട്ടി സർക്കാരിനെ വിരട്ടാൻ നോക്കേണ്ട. എല്ലാ സാമൂഹ്യ മാറ്റങ്ങളെയും യാഥാസ്ഥിതിക വിഭാഗം എതിർത്തിട്ടുണ്ട്. അമിത് ഷാ അതൊക്കെയങ്ങ് ഗുജറാത്തിൽ കാണിച്ചാൽ മതി. നിങ്ങൾക്കീ മണ്ണിൽ സ്ഥാനമില്ല. ശബരിമലയിൽ ഏത് സർക്കാർ നൽകിയതിനേക്കാളും പണം നൽകിയിട്ടുള്ളത് എൽ.ഡി.എഫ് സർക്കാരാണെന്നും പിണറായി പറഞ്ഞു. ഇപ്പോഴത്തെ പൊലീസ് നടപടി വിശ്വാസികൾക്കെതിരാണെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു.
ഒരു വിശ്വാസിക്കെതിരെയും നടപടിയെടുത്തിട്ടില്ല. മാധ്യമ പ്രവർത്തകരെ അടക്കം ആക്രമിച്ചവർക്കെതിരെയാണ് നടപടിയെടുത്തത്. ആക്രമികളിൽ വിശ്വാസിയെന്നും അവിശ്വാസിയെന്നും വേർതിരിച്ച് നടപടിയെടുക്കാറില്ലെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.