തിരുവനന്തപുരം: പത്ത് വോട്ടിന് വേണ്ടി ക്രിസ്ത്യൻ നാടാർ വിഭാഗത്തെ പിണറായി വിജയൻ സർക്കാർ വഞ്ചിച്ചെന്ന് കെ. മുരളീധരൻ എം.പി. നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒ.ബി.സിയില്‍ ഉൾപ്പടുത്തി സംവരണം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈകോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിലായിരുന്നു മുരളീധരന്‍റെ പ്രതികരണം.
ഒരു പ്രബല വിഭാഗത്തിനെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി അവരോട് മാപ്പ് പറായാനുള്ള മര്യാദയെങ്കിലും കാണിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഈ സമുദായത്തോട് മുഖ്യമന്ത്രി മാപ്പുപറയണം. ഭരണത്തുടര്‍ച്ചക്ക് വേണ്ടി ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ചെയ്യാതിരിക്കാനുളള പക്വതയും അദ്ദേഹം കാണിക്കണം. നിയമപരമായ തിരിച്ചടി ഭയന്നാണ് ഉമ്മൻചാണ്ടി സർക്കാർ നാടാർ വിഭാഗത്തിന് സംവരണം നൽകാതിരുന്നത്. ഉമ്മന്‍ ചാണ്ടിയായിരുന്നു ശരി -മുരളീധരന്‍ പറഞ്ഞു.
കേരള സർക്കാരിനേയും പിന്നോക്ക വികസന വകുപ്പിനേയും എതിർകക്ഷികളാക്കി മോസ്റ്റ് ബാക്ക് വാർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ (എം.ബി.സി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ നൽകിയ ഹരജിയിലാണ് ഹൈകോടതി സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്തത്. നിലവിലുള്ള സംവരണ സംവിധാനത്തെ അട്ടിമറിക്കാൻ പിന്നോക്ക വിഭാഗ വികസന വകുപ്പിന്‍റെ പേരിൽ നടത്തിയ നിഗൂഢ രാഷ്ട്രീയ ശ്രമമാണ് ഹൈകോടതിയുടെ ഇടപെടലിലൂടെ പരാജയപ്പെട്ടതെന്ന് കുട്ടപ്പൻ ചെട്ടിയാർ പ്രതികരിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ് പുറപ്പെടുവിച്ച വിവാദ ഉത്തരവ് യഥാർത്ഥ ഒ.ബി.സി വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കാനുള്ള കുടിലതന്ത്രമാണെന്നും ഇവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.