ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം പ്രവർത്തിക്കുന്നത് സനാതനധർമത്തിെൻറ പരിപാലനത്തിനാണെന്ന കേന്ദ്രമന്ത്രി വി. മുരളീധരെൻറ പരാമർശം തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗം ജനറൽ സെക്രട്ടറി പദവിയിൽ 25വർഷം പൂർത്തിയാക്കിയതിെൻറ ഭാഗമായി ചേർത്തല എസ്.എൻ കോളജിൽ സംഘടിപ്പിച്ച വെള്ളാപ്പള്ളി നടേശെൻറ രജതജൂബിലി ആഘോഷവേദിയിലായിരുന്നു തിരുത്ത്.
പ്രപഞ്ചത്തിൽ സർവജീവജാലങ്ങളിലും ഉൾക്കൊള്ളുന്ന ശക്തിയുെട പ്രതീകമെന്ന നിലയിൽ അരുവിപ്പുറത്ത് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തി ഈ നാട്ടിൽ ബഹുഭൂരിപക്ഷം വരുന്ന സനാതനധർമ വിശ്വാസികളുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിെച്ചന്നായിരുന്നു മുരളീധരെൻറ പരാമർശം. ഇതിനെയാണ് മുഖ്യമന്ത്രി തിരുത്തിയത്.
കേരളത്തിെൻറ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ച പ്രസ്ഥാനമായ എസ്.എൻ.ഡി.പി എന്ന ആ പേരിൽതന്നെ പ്രത്യേകതയുണ്ട്. ശ്രീനാരായണ ധർമപരിപാലനമാണ് അത്. വി. മുരളീധരൻ പറഞ്ഞതുപോലെ സനാതനധർമത്തിന് വേണ്ടിയുള്ളതല്ല അത്. ശ്രീനാരായണ ധർമപരിപാലനം അതിനെല്ലാം മേലെയാണ്. ഈ നാട്ടിൽ മഹാഭൂരിപക്ഷത്തിനും മനുഷ്യരെപോലെ ജീവിക്കാൻ കഴിയാതിരുന്ന ചരിത്രമുണ്ടായിരുന്നു. അവിടെയാണ് ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന നാടാക്കി കേരളത്തെ മാറ്റാനുള്ള ആഹ്വാനത്തോടെ ശ്രീനാരായണഗുരു അന്നത്തെ കാലത്തെ അതിവിപ്ലവകരമായ കാര്യം ചെയ്തത്.
സവർണർക്ക് ഒരുദൈവവും മറ്റുവിഭാഗങ്ങൾക്ക് മറ്റുദൈവവും എന്ന സ്ഥിതിയെയാണ് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠയിലൂടെ പൊളിച്ചത്. അനുയായികളോട് വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഗുരു ആഹ്വാനം ചെയ്തു. അദ്ദേഹം ഒരു പ്രത്യേക ചട്ടക്കൂട്ടിൽ മാത്രം ഒഴിഞ്ഞുനിന്നിരുന്നില്ല. അദ്ദേഹം സ്ഥാപിച്ച ശിവഗിരിയിൽ എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാൻ സൗകര്യമുണ്ടാക്കി.
ഒരുമതത്തെയും വേർതിരിച്ച് കാണാതെയാണ് അദ്ദേഹം നിന്നത്. നമ്മുടെ നാടിെൻറ ഇന്നു കാണുന്ന നേട്ടങ്ങൾക്ക് കാരണമായത് ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി യോഗത്തിെൻറ തുടർപ്രവർത്തനമാണ്. എസ്.എൻ.ഡി.പിയുടെയും എസ്.എൻ ട്രസ്റ്റിെൻറയും അമരക്കാരനായി വെള്ളാപ്പള്ളി നടേശൻ കാൽനൂറ്റാണ്ട് പിന്നിടുന്നത് അസുലഭ കാര്യമാണെന്നും പിണറായി പറഞ്ഞു.
ചേർത്തല: എൻ.എൻ.ഡി.പി യോഗത്തിെൻറയും എൻ.എൻ ട്രസ്റ്റിെൻറയും നേതൃപദവിയിൽ വെള്ളാപ്പള്ളി നടേശൻ രജതജൂബിലി പിന്നിട്ടതിെൻറ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷങ്ങൾക്കും സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്കും ഉജ്ജ്വല തുടക്കം. ചേർത്തല എസ്.എൻ കോളജ് മൈതാനിയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ രജതജൂബിലി ആഘോഷങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു.
ശിവഗിരി മഠം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിതാനന്ദ പ്രഭാഷണം നടത്തി. കേന്ദ്ര സഹമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കൃഷിമന്ത്രി പി. പ്രസാദ്, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ എന്നിവർ പങ്കെടുത്തു. വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തി. യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ അരയക്കണ്ടി സന്തോഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.