തലശ്ശേരി: പിണറായി പടന്നക്കരയിലെ കുടുംബത്തിലെ പിഞ്ചുകുട്ടികൾ ഉൾപ്പെടെ നാലുപേർ ദുരൂഹമരണത്തിനിടയായ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കുട്ടികളുടെ മാതാവായ സൗമ്യ എന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗമാണ് സൗമ്യ. തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്.
എലിവിഷമാണ് മരണത്തിനിടയാക്കിയതെന്നാണ് നിഗമനം. കൊലപാതകമാണോ എന്നും സംശയിക്കുന്നുണ്ട്. കല്ലട്ടി വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്), കീര്‍ത്തന (ഒന്നര) എന്നിവരാണ് മൂന്നു മാസത്തിനിടെ ഛർദ്ദിച്ച് അവശരായി മരിച്ചത്. നാലുപേരും ഒരേ രീതിയിൽ മരിച്ചതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ അനുമാനിക്കുകയായിരുന്നു. ഒടുവിൽ എട്ടു ദിവസം മുമ്പ് അവശേഷിക്കുന്ന അംഗമായ സൗമ്യയെയും ഛർദ്ദിച്ച് അവശയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച െഎശ്വര്യ എന്ന എട്ടുവയസ്സുകാരിയുടെ സംസ്കരിച്ച മൃതദേഹം അന്വേഷണത്തിെൻറ ഭാഗമായി പുറത്തെടുത്തു പരിശോധിച്ചിരുന്നു. പടന്നക്കര വി. കരുണാകരൻ മാസ്റ്റർ റോഡിലെ വീട്ടുവളപ്പിൽ വീടിനോട് ചേർന്നായിരുന്നു െഎശ്വര്യയുടെ മൃതദേഹം സംസ്കരിച്ചിരുന്നത്. െഎശ്വര്യയുടെ മൃതദേഹത്തിെൻറ അവശിഷ്ടങ്ങളാണ് ശേഖരിച്ചത്. സബ്ഡിവിഷനൽ മജിസ്ട്രേറ്റിെൻറ അനുമതിയോടെയാണ് മൂന്നുമാസം മുമ്പു മരിച്ച െഎശ്വര്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ െപാലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പുറത്തെടുത്തത്.
ഇതിനിടെ, കുഞ്ഞിക്കണ്ണെൻറയും കമലയുടെയും ആന്തരികാവയവങ്ങൾ വിദഗ്ധപരിശോധനക്ക് അയച്ചിരുന്നു. പരിശോധനാ റിപ്പോർട്ടിൽ അലൂമിനിയം ഫോസ്ഫേഡ് ആണ് മരണകാരണമെന്നായിരുന്നു നിഗമനം. എലിവിഷം പോലുള്ളവയിലാണ് അലൂമിനിയം േഫാസ്ഫേഡ് ഉണ്ടാവുക. കഴിഞ്ഞദിവസമാണ് സംഭവത്തിൽ ധർമടം െപാലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.