തലശ്ശേരി: ആറുവർഷത്തിനിടെ ഒരു കുടുംബത്തിൽ മരിച്ചത് രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർ. അതിൽതന്നെ നാലുമാസത്തിനിടെ ഉണ്ടായത് മൂന്നു മരണം. ഛർദിയെ തുടർന്നായിരുന്നു നാലു മരണങ്ങളും. പിണറായി പടന്നക്കരയിൽ കുഞ്ഞേരി കുഞ്ഞിക്കണ്ണെൻറ വണ്ണത്താംവീട്ടിലാണ് ഒരേ കാരണത്താൽ തുടർച്ചയായ മരണങ്ങളുണ്ടായത്. വീട്ടിൽ അവശേഷിച്ച യുവതിയെ ഛർദിയെ തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തിൽ നാട്ടുകാർ ദുരൂഹത സംശയിച്ചു തുടങ്ങിയത്.
കുഞ്ഞിക്കണ്ണെൻറ മകൾ സൗമ്യയുടെ മകൾ ഒരുവയസ്സുകാരി കീർത്തന 2012 സെപ്റ്റംബർ ഒമ്പതിനാണ് ഛർദിയെ തുടർന്ന് മരിക്കുന്നത്. രോഗം ബാധിച്ചുള്ള മരണമായതിനാൽ ആർക്കും സംശയമുണ്ടായില്ല. അതുകാരണം പോസ്റ്റ്മോർട്ടവും നടത്തിയില്ല. സൗമ്യയുടെ മൂത്തമകളും നാലാംക്ലാസ് വിദ്യാർഥിനിയുമായ െഎശ്വര്യ കിഷോർ (എട്ട്) ഇക്കൊല്ലം ജനുവരി 21ന് ഇതേ കാരണംകൊണ്ട് മരിച്ചു. പരാതിയില്ലാത്തതിനാൽ െഎശ്വര്യയുടെ മൃതദേഹവും പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. ഒരുമാസം പിന്നിടുമ്പോഴേക്ക് 2018 മാർച്ച് ഏഴിന് വീട്ടുകാരിയും ഇരുവരുടെയും അമ്മൂമ്മയുമായ കമല (65) തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഇതോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യവും ഉയർന്നു. കുഞ്ഞിക്കണ്ണൻ (76) ഏപ്രിൽ 13നും മരിച്ചു. വയറ്റിലുണ്ടായ അസ്വസ്ഥതയും ഛർദിയും കാരണമാണ് നാലുപേരും വൈദ്യസഹായം തേടിയത്.
രോഗത്തിലെ സമാനതയാണ് നാട്ടുകാരിൽ സംശയങ്ങൾ ബലപ്പെടാൻ സാഹചര്യമൊരുക്കിയത്. തുടർന്നാണ് ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയറ്റിൽ അസ്വസ്ഥതയും ഛർദിയും കാരണം സൗമ്യയെ തലശ്ശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ദഹനക്കേടാണ് ഛർദിക്ക് കാരണമെന്നായിരുന്നു സൗമ്യയെ പരിശോധിച്ച ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് അസി. ഫോറൻസിക് സർജൻ ഡോ. സുജിത് ശ്രീനിവാസിെൻറ നേതൃത്വത്തിൽ നാലംഗസംഘം ബുധനാഴ്ച സൗമ്യയെ പരിശോധിച്ചു. വീട്ടിലെ കിണറും പരിശോധിച്ചു.
കുഞ്ഞിക്കണ്ണെൻറയും വിമലയുടെയും ആന്തരികാവയവങ്ങളുടെ കെമിക്കൽ പരിശോധന റിപ്പോർട്ട് കിട്ടിയാൽ മാത്രമേ തുടർനിഗമനങ്ങളിലെത്താൻ കഴിയുകയുള്ളൂവെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന തലശ്ശേരി സി.െഎ കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു. അന്വേഷണം ഉൗർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ജില്ല മെഡിക്കൽ ഓഫിസർ നാരായണ നായ്ക് സ്ഥലം സന്ദർശിച്ച് ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കലക്ടറുടെ നിർദേശത്തെ തുടർന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെ മുപ്പതോളം വീടുകളിൽനിന്ന് ശേഖരിച്ച കുടിവെള്ളം പരിശോധനക്ക് അയച്ചിരുന്നു. പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഡി.എം.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.