ന്യൂഡൽഹി: കേന്ദ്രം വിളിച്ച ആഭ്യന്തരമന്ത്രിമാരുടെ ചിന്താശിബിരത്തിൽ രണ്ടാം ദിവസം പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മിക്ക മുഖ്യമന്ത്രിമാരും യോഗത്തിൽനിന്ന് വിട്ടുനിന്നതിനിടയിൽ പിണറായി ആദ്യ ദിവസം പങ്കെടുത്തത് ചർച്ചയായിരുന്നു.
ഡൽഹിയിലുള്ള മുഖ്യമന്ത്രി സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലും കേരള ഹൗസിലുമായി സമയം ചെലവിട്ടു. ശനിയാഴ്ച മുതൽ മൂന്നു ദിവസം സി.പി.എം കേന്ദ്ര കമ്മിറ്റിയുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നു മുഖ്യമന്ത്രി. ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിയുമാണ് കേരളത്തെ പ്രതിനിധാനംചെയ്ത് രണ്ടാം ദിവസത്തെ ചിന്താശിബിരത്തിൽ പങ്കെടുത്തത്.
വിവാദങ്ങളുടെ വെടിയുതിർത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിന്റെ 'അപ്രീതി'ക്ക് പാത്രമായ ധനമന്ത്രി കെ.എൻ. ബാലഗോപാലും കേരള ഹൗസിൽ തന്നെയാണ് തങ്ങുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് ബാലഗോപാൽ എത്തിയത്. ഗവർണർ, മുഖ്യമന്ത്രി, ധനമന്ത്രി അടക്കമുള്ള പ്രമുഖ സി.പി.എം നേതാക്കൾ എന്നിവർ അടുത്ത മൂന്നു ദിവസങ്ങളിലും കേരള ഹൗസിൽ തന്നെയാണ് തങ്ങുന്നത്. ഗവർണറുമായി കൂടിക്കാഴ്ചകളൊന്നുമില്ല. അതേസമയം, സി.പി.എം നേതാക്കളുടെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന് ആരിഫ് മുഹമ്മദ് ഖാൻ തന്നെ. കേന്ദ്രകമ്മിറ്റിയിലും ഗവർണറുടെ ഇടപെടലുകൾ ചർച്ചയാവും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏതാനും പേരെ കേരള ഹൗസിലേക്കു ക്ഷണിച്ച് വെള്ളിയാഴ്ച വിരുന്നു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.