'പിണറായി പൊലീസ് യോഗി പൊലീസിന് പഠിക്കുന്നു'; പ്രവർത്തകരെ തീവ്രവാദികളാക്കിയതിൽ പ്രതിഷേധവുമായി കോൺഗ്രസ്​

കൊച്ചി: മൊഫിയ കേസിൽ സമരം ചെയ്​ത യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരെ തീവ്രവാദികളായി വിശേഷിപ്പിച്ചുള്ള പൊലീസ്​ റിമാൻഡ്​ റിപ്പോർട്ടിനെതിരെ നേതാക്കൾ. ഭരണകൂട വീഴ്ചകളെ ചോദ്യം ചെയ്യുന്നവർ മുഴുവൻ തീവ്രവാദികളാണെന്ന് പറയുന്നവർ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഓർക്കേണ്ട കാര്യം സ്‌റ്റേറ്റും രാജ്യവുമെന്ന് പറയുന്നത് ഭരണാധികാരികളല്ല എന്ന്​ ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.

'യോഗി പൊലീസ് കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ട് അല്ല. പിണറായി പൊലീസ് കൊടുത്തതാണ്. മൊഫിയ പർവീണിന് നീതി വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവർക്ക് തീവ്രവാദ ബന്ധം ഉണ്ടോ എന്ന് സംശയമുള്ളത് കൊണ്ട്‌ ജാമ്യം കൊടുക്കരുതെന്ന്.

മൊഫിയയുടെ ദാരുണമായ മരണത്തിന് കാരണക്കാരിൽ ഒരാളായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്​ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് അൻവർ സാദത്ത് എം.എൽ.എ, ബെന്നി ബെഹനാൻ എം.പി, ടി.ജെ. വിനോദ്, റോജി എം. ജോൺ, എൽദോസ് കുന്നപ്പള്ളി, മുഹമ്മദ് ഷിയാസ് തുടങ്ങി വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്നവരുടെ നേതൃത്വത്തിൽ നടന്ന ഒരു സമരവുമായി ബന്ധപ്പെട്ട അറസ്റ്റിനെയാണ് തീവ്രവാദ ബന്ധത്തിലേക്ക് വലിച്ചഴക്കാൻ പൊലീസ് ശ്രമിക്കുന്നത്.

പിണറായി യോഗിക്കും ഷായ്ക്കും പഠിക്കരുതെന്ന് നമ്മൾ പറയാറുണ്ട്. ഇനി കൂടുതലൊന്നും പഠിക്കാനുണ്ടെന്ന് കരുതുന്നില്ല. ഭരണകൂട വീഴ്ചകളെ ചോദ്യം ചെയ്യുന്നവർ മുഴുവൻ തീവ്രവാദികളാണെന്ന് പറയുന്നവർ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഓർക്കേണ്ട കാര്യം സ്‌റ്റേറ്റും രാജ്യവും എന്ന് പറയുന്നത് ഭരണാധികാരികളല്ല. ജനതയാണ് രാജ്യം.

ഈ റിമാൻഡ് റിപ്പോർട്ട് എഴുതിയ ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. ഇനിയും സമരം ചെയ്യേണ്ടി വന്നാൽ ചെയ്യും. തീ​വ്രവാദ ബന്ധം മുദ്ര കുത്തി വായയടപ്പിക്കാമെന്ന്​ കേരള പൊലീസ് വ്യാമോഹിക്കേണ്ട' -ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.

നീതിക്കായി സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കുന്ന പൊലീസ് നയം കേരളത്തിന് അപമാനമാണെന്ന്​ അൻവർ സാദത്ത്​ എം.എൽ.എ പറഞ്ഞു. 'വിദ്യാർത്ഥി നേതാവ് അൽ അമീൻ അഷറഫ്, നേതാക്കളായ നജീബ്, അനസ് എന്നിവർ മൊഫിയ പർവീണും കുടുംബത്തിനും നീതി ലഭിക്കാനാണ് പോരാടിയത്. ഇവർ തീവ്രവാദ പ്രവർത്തനം നടത്തുന്നവരല്ല.

പൊതുപ്രവർത്തനം നടത്തുന്ന കോൺഗ്രസുകാരാണ്. പക്ഷെ, പൊലീസ് ഇവരിൽ നടത്തിയ തീവ്രവാദ ആരോപണം ഗുരുതരവും അപമാനവുമാണ്. പിണറായി പൊലീസ് യോഗി പൊലീസിന് പഠിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ്​ റിപ്പോർട്ടിൽ അവരെ തീവ്രവാദികളാക്കി മാറ്റിയ പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ റൂറൽ എസ്.പി കാർത്തിക്കിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പൊതുജന സമക്ഷം പൊലീസ് നടപടികൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും' -അൻവർ സാദത്ത്​ പറഞ്ഞു.

കോടതിയിൽ വിനയായി

മൊഫിയക്ക് നീതിതേടി സമരം ചെയ്തതിന് അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ആരോപണവുമായി പൊലീസ്. ഡി.ഐ.ജിയുടെ കാർ ആക്രമിച്ചെന്ന കേസിലാണ് പ്രതികളുടെ തീവ്രവാദ ബന്ധം അന്വേഷിക്കുന്നതിനടക്കം പൊലീസ് കസ്‌റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടത്​. എന്നാൽ, ഈ ആരോപണം കോടതിയിൽ പൊലീസിന് വിനയായി.

പൊതുപ്രവർത്തകർക്കെതിരെ മനപ്പൂർവം വിരോധം വെച്ച്​ തീവ്രവാദ ബന്ധം ആരോപിച്ചതാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.വൈ. ടോമി വാദിച്ചു. ഇതേ സംഭവത്തിൽ ജാമ്യമില്ലാത്ത മൂന്ന്​ കേസ്​ ഉണ്ടെങ്കിലും ഈ കേസിൽ മാത്രമാണ് പൊലീസ് തീവ്രവാദ ബന്ധം ആരോപിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇതോടെ മജിസ്ട്രേറ്റ് മൂന്നുകേസിലെ എഫ്.ഐ.ആർ പരിശോധിക്കുകയും സാഹചര്യം വിലയിരുത്തി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് 63,700 രൂപ ജാമ്യത്തുക കെട്ടി വെച്ചുള്ള ജാമ്യം അനുവദിക്കുകയും ചെയ്തു.

കേരളത്തിലേത് മോദിയുടെ നിഴൽ ഭരണമോ -വി.ഡി. സതീശൻ

കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത് നരേന്ദ്ര മോദിയുടെ നിഴൽ ഭരണമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. യോഗി ആദിത്യനാഥിന്‍റെ പൊലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പൊലീസിന്‍റെ പ്രവർത്തനം.

ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥി മൊഫിയക്ക് നീതി ലഭിക്കാൻ സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദം ബന്ധം ആരോപിച്ച ആലുവ പൊലീസിന്‍റെ നടപടി ബി.ജെ.പി സർക്കാറുകളുടെ അതേ മാതൃകയിലാണ്. സമരത്തിൽ പങ്കെടുത്തവരുടെ പേര് നോക്കിയാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നത്.

ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ അവരിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പൊലീസിൽ ആർ.എസ്.എസ് സെൽ ഉണ്ടെന്നതിന് തെളിവാണ്. പിണറായി വിജയൻ സർക്കാർ തീവ്ര വലതുപക്ഷ സർക്കാറായി മാറിയിരിക്കുന്നു. സംഘപരിവാറിന്‍റെ വിദ്വേഷ പ്രചാരണത്തിന് വഴിമരുന്നിടുന്ന നടപടിയാണ് സി.പി.എമ്മും സർക്കാറും ചെയ്യുന്നത്.

ഗാർഹിക പീഡനവും പൊലീസിന്‍റെ നിസംഗതയും കാരണം ആത്മഹത്യ ചെയ്യേണ്ടി വന്ന പെൺകുട്ടിയുടെ കുടുംബത്തിന് നീതിതേടി സമരം നടത്തിയവർക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നത് കേവലമായ രാഷ്ട്രീയ പകപോക്കലായി കാണാൻ കഴിയില്ല. ആലുവ സമരത്തെ വർഗീയവത്കരിക്കാൻ സി.പിഎമ്മും പൊലീസും നടത്തുന്ന ശ്രമം അപലപനീയമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - ‘Pinarayi police studying for yogi police’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.