തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിഷയത്തിൽ കോവിഡ് രോഗാണുവിനെ പോലെയാണ് ചിലർ തെറ്റായ വാർത്ത പടർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ വികസന ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍, അവയെ മറച്ചുവെച്ചു ശ്രദ്ധ തിരിച്ചുവിടാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യക്ഷേമ പെന്‍ഷന്‍റെ കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രിയുടേത് ഒറ്റപ്പെട്ട പ്രചാരണമല്ല. സാമൂഹ്യക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടന്നു വരികയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ക്ഷേമപെന്‍ഷനുകളില്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്ന വര്‍ദ്ധന കാലാകാലങ്ങളായി എല്ലാ സര്‍ക്കാരുകളും നടപ്പിലാക്കുന്നതാണെന്നും, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും അക്കാര്യം ചെയ്തിരുന്നെന്നുമാണ് ഒരു കൂട്ടര്‍ അവകാശപ്പെടുന്നത്. എല്ലാം കേന്ദ്രത്തിന്‍റെ കനിവാണെന്നാണ് മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്.
ഇക്കാര്യത്തില്‍ ഇത്രയും കാലമില്ലാതിരുന്ന പുതിയ വാദങ്ങളൊക്കെ പൊട്ടി വീഴുകയാണ്. ഇത് എൽ.ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ക്കുള്ള സ്വീകാര്യത തകര്‍ക്കാനാണോ അതോ ആ നേട്ടങ്ങളുടെ പങ്കുപറ്റാനാണോ എന്ന് ദുഷ്പ്രചാരകര്‍ തന്നെ വ്യക്തമാക്കണം. കേരളത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുള്ളതെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ കണ്ണിയില്‍ പൊടിയിട്ട് ഈ സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളെ വില കുറച്ചു കാണിക്കാനും അതിന്‍റെ ക്രെഡിറ്റ് കരസ്ഥമാക്കാനുമാണ് പ്രതിപക്ഷസംഘടനകള്‍ ശ്രമിക്കുന്നത്. സത്യസന്ധതയോടെ, നട്ടെല്ലുയര്‍ത്തി, ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാനാകാത്ത വിധം മലീമസമായി അവരുടെ രാഷ്ട്രീയം മാറിയിരിക്കുന്നു. അതുകൊണ്ടവര്‍ നുണകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയൊന്നുമില്ലാതെ കൈപ്പറ്റിയ 60 ലക്ഷത്തില്‍ പരം മനുഷ്യരുണ്ടീ കേരളത്തില്‍. അവര്‍ക്കറിയാം സത്യമെന്താണെന്ന്. കണ്ണടച്ചിരുട്ടാക്കാന്‍ സാധിക്കില്ലെന്ന് അസത്യം പ്രചരിപ്പിക്കുന്നവര്‍ വൈകാതെ തിരിച്ചറിയും. എട്ടുകാലി മമ്മൂഞ്ഞുമാരെ മനസ്സിലാക്കാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്കില്ല എന്ന് ധരിച്ചു പോകരുതെന്നേ പറയാനുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.