ജമാഅത്തെ ഇസ്‌ലാമിയെയും മുസ്‌ലിം ലീഗിനെയും വിമർശിച്ച് പിണറായി; ‘മലപ്പുറത്തെ കേസുകളുമായി ബന്ധപ്പെട്ട് അസത്യം പ്രചരിപ്പിക്കുന്നു’

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയെയും മുസ്‌ലിം ലീഗിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് അസത്യം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേ കണ്ണുകൊണ്ട് കാണുന്നത് ശരിയല്ലെന്നും ആർ.എസ്.എസിന്റെ മുസ്‌ലിം പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പി. ജയരാജന്‍റെ കേരള മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രി പറഞ്ഞത്:

മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേ കണ്ണുകൊണ്ട് കാണുന്നത് ശരിയല്ല. ജമാഅത്തെ ഇസ്‌ലാമി മത സാമ്രാജ്യത്വ സ്വഭാവമുള്ള പ്രസ്ഥാനമാണ്. ഇസ്‌ലാമിക ലോകം സൃഷ്ടിക്കലാണ് അതിന്‍റെ ആത്യന്തിക ലക്ഷ്യം. അങ്ങനെയൊരു നിലപാടിലാണ് ലീഗ് എന്ന് പറ‍യാൻ പറ്റില്ല. മുസ്‌ലിം ലീഗ് ഒരു റിഫോമിസ്റ്റ് സംഘടനയാണ്. എന്നാൽ, ജമാഅത്തെ ഇസ്‌ലാമി തീർത്തും റിവൈവലിസ്റ്റ് പ്രസ്ഥാനമാണ്. ആദ്യത്തേത് പരിഷ്കരണത്തിന്, രണ്ടാമത്തേത്, പഴയതിന്‍റെ പുനരുജ്ജീവനത്തിന്. മുസ്‌ലിം ലീഗിന്‍റെ ചരിത്രം നോക്കിയാൽ തന്നെ അത് ബ്രിട്ടീഷ് അനുകൂല പ്രസ്ഥനമായിരുന്നെന്ന് കാണാൻ പറ്റും. ബ്രിട്ടീഷ് സഹായത്തോടെ വിദ്യാഭ്യാസം, ജോലി എന്നി ഉറപ്പാക്കി സമുദായത്തെ പരിഷ്കരിക്കുക എന്നതായിരുന്നു തുടക്കത്തിലെ കാഴ്ചപ്പാട്. ജമാഅത്തെ ഇസ്‌ലാമിയാവട്ടെ ഖലീഫമാരുടെ കാലത്തേക്ക് സമുദായത്തെ തിരിച്ചുകൊണ്ടുപോകണമെന്ന പ്രസ്ഥാനമാണ്. ലീഗ് ഇന്ത്യക്കകത്തുള്ള രാഷ്ട്രീയ പ്രവർത്തനത്തിൽ ഒതുങ്ങി നിൽക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമി അന്താരാഷ്ട്ര രാഷ്ട്രീയ പരിവർത്തനത്തിന്, ഇസ്‌ലാമികാധിഷ്ടിത പരിവർത്തനത്തിന് പ്രതിജ്ഞാബദ്ധമായി നിൽക്കുന്നു. മുസ്‌ലിം ലീഗ് ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്‌ലാമിക ദേശീയത എന്നിവയിലാണ് കേന്ദ്രീകരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി ഒരു ഇസ്‌ലാമിക സാമ്രാജ്യ സ്ഥാപനത്തിനായി നിലകൊള്ളുന്നു. മുസ്‌ലിം ലീഗിന് ഇന്ത്യക്ക് പുറത്ത് സഖ്യങ്ങളില്ല. എന്നാൽ, ജമാഅത്തെ ഇസ്‌ലാമിക്ക് യെമനിലെ ഷിയ ഭീകരപ്രവർത്തകർ മുതൽ ഈജിപ്തിലെ ബ്രദർഹുഡ് വരെയുള്ളവരുമായി ബന്ധങ്ങളുണ്ട്. സാമ്രാജ്യത്വ വിരുദ്ധ പ്രസംഗങ്ങൾ നടത്തുമ്പോഴും സാമ്രാജ്യത്വവുമായി ചേർന്ന് ശത്രുക്കളെ ഇല്ലാതാക്കാൻ മടിക്കാത്തവരാണ് ജമാഅത്തെ ഇസ്‌ലാമി.

ആർ.എസ്.എസിന്‍റെ ഇസ്‌ലാം പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമി. ദേശീയതയെ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുന്നില്ല. അവർക്കുവേണ്ടത് ഇസ്‌ലാമിക സാർവദേശീയതയാണ്. ലീഗിന് ഈ നിലപാടുണ്ട് എന്ന് പറയാൻ പറ്റില്ല.

വർഗീയ ശക്തികളുമായി കൂട്ടു കൂടാൻ കഴിയില്ലെന്ന് പറയാൻ ലീഗിന് സാധിക്കില്ല. മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് അസത്യം പ്രചരിപ്പിക്കുകയാണ്. മലപ്പുറത്ത്‌ കൂടുതൽ കേസ് ഉണ്ടെന്ന് എവിടെയും ആരും പറഞ്ഞിട്ടില്ല. ശരി അല്ലാത്തത് പ്രചരിപ്പിച്ചു മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണ് ലീഗ് ചെയ്യുന്നത്. -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - pinarayi vijayan criticize Muslim League and Jamaat e Islami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.