ചേലക്കര: മന്ത്രി കെ. രാധാകൃഷ്ണനെ അവസാനിപ്പിക്കാനാണ് പിണറായി വിജയൻ ആലത്തൂരിൽ സ്ഥാനാർഥിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ചേലക്കരയിൽ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനാണ് മന്ത്രിയെ സി.പി.എം തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. തുടർഭരണം കിട്ടുന്നതിന് മുമ്പ് കുറേ ആളുകൾക്ക് പിണറായി വിജയൻ സീറ്റ് നൽകിയില്ല. ജയിച്ചു വന്ന കുറേ പേർക്ക് മന്ത്രിസ്ഥാനവും നൽകിയില്ല. അബദ്ധത്തിലാണ് രാധാകൃഷ്ണൻ മന്ത്രിയായത്. അതും കൂടി അവസാനിപ്പിച്ച് പറഞ്ഞ് വിടാനാണ് സ്ഥാനാർഥിയാക്കിയതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
രാധാകൃഷ്ണൻ നിയമസഭയിൽ തുടരട്ടെ എന്നും നമ്മടെ പെങ്ങളൂട്ടി പാർലമെന്‍റിൽ പോകട്ടെയെന്നും സതീശൻ പറഞ്ഞു. ചേലക്കരക്കാർ ഒരു തീരുമാനം എടുത്തതാണ്. രാധാകൃഷ്ണൻ മന്ത്രിയായി തുടരട്ടെ, എന്തിനാണ് രാധാകൃഷ്ണനെ ഇപ്പോൾ മാറ്റുന്നത്.
രാധാകൃഷ്ണനോട് നിയമസഭയിൽ ചോദ്യം ചോദിക്കാനുള്ളത്. രാധാകൃഷ്ണൻ മന്ത്രിയായി തുടരാനും രമ്യ പാർലമെന്‍റിൽ പോകാനുമുള്ള തീരുമാനം ആലത്തൂരിലെ ജനങ്ങൾ എടുക്കുമെന്ന വിശ്വാസമാണുള്ളത്. അത് പിണറായി വിജയന്‍റെ മുഖത്തേൽക്കുന്ന ആഘാതമായിരിക്കും.
പാർലമെന്‍റിൽ പോകുന്ന രമ്യ മോദി സർക്കാറിനെ അധികാരത്തിൽ നിന്നിറക്കാൻ കോൺഗ്രസിനും ഇൻഡ്യ മുന്നണിക്കും വേണ്ടി കൈ ഉയർത്തും. കോൺഗ്രസ് മത്സരിക്കുന്നത് മോദിയെ താഴെയിറക്കി അധികാരത്തിൽ വരാനാണ്. എന്നാൽ, സി.പി.എം മത്സരിക്കുന്നത് പ്രതിപക്ഷത്ത് ഇരിക്കാനാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിയുടെ ചിത്രം പോസ്റ്ററിൽ വച്ചാണ് സി.പി.എം സ്ഥാനാർഥികൾ തമിഴ്നാട്ടിൽ വോട്ട് പിടിക്കുന്നത്. കോൺഗ്രസിനെ തോൽപിക്കാൻ ശ്രമിക്കുന്ന സി.പി.എം മോദിയെ സഹായിക്കുകയാണ്. മോദിയെ സി.പി.എമ്മിന് പേടിയാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.