ന്യൂഡൽഹി: ഏഴുപേരുടെ ജീവനെടുത്ത മാവോവാദി വേട്ടയാണ് തണ്ടർബോൾട്ട് കേരളത്തിൽ ന ടത്തുന്നതെങ്കിലും ഇടതുതീവ്രവാദം സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ഏ റ്റവുമൊടുവിലത്തെ റിപ്പോർട്ടിൽ കേരളത്തെക്കുറിച്ച് പരാമർശം തന്നെയില്ല. 2010 മുതൽ 2019 മാർച്ച് 31 വരെയുള്ള മാവോവാദി കൊലകളുടെ കണക്കുകളിൽ ഒന്നുപോലും കേരളത്തിേൻറതായി രേഖപ്പെടുത്തിയിട്ടില്ല. 2018-19ലെ ആഭ്യന്തര മന്ത്രാലയ വാർഷിക റിപ്പോർട്ട് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇടതു തീവ്രവാദം നേരിടുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, ബിഹാർ, ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, യു.പി, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളെക്കുറിച്ചാണ് അതിൽ പരാമർശിക്കുന്നത്.
ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മാവോവാദികളുടെയും പൊലീസിെൻറയും അല്ലാത്തവരുടെയും മൊത്തം കണക്കുകളുമുണ്ട്്. മാവോവാദികൾ കേരളത്തിൽ ആരെയും കൊലപ്പെടുത്തിയിട്ടില്ല. ഏഴുപേർ കൊല്ലപ്പെട്ട മാവോവാദി വേട്ടക്കിടയിൽ പൊലീസിനാകട്ടെ, പരിക്കുപോലുമില്ല. 2016 നവംബർ 24നാണ് നിലമ്പൂർ കരുളായി വനത്തിൽ നടന്ന ‘ഏറ്റുമുട്ടലിൽ’ കുപ്പു ദേവരാജ്, അജിത എന്നീ മാവോവാദി നേതാക്കൾ കൊല്ലപ്പെട്ടത്. വയനാട് ലക്കിടിയിലെ റിസോർട്ടിൽ സി.പി. ജലീൽ കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ മാർച്ച് ഏഴിനായിരുന്നു. ഈ മൂന്നു കൊലകളും ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കിൽ വന്നിട്ടില്ല. ഇതേക്കുറിച്ച ക്രൈംബ്രാഞ്ച് അന്വേഷണമാകട്ടെ, പൂർത്തിയായിട്ടുമില്ല.
പൊലീസ് നവീകരണത്തിനും തണ്ടർബോൾട്ടിനും കേന്ദ്രത്തിൽനിന്ന് കൂടുതൽ പണം കിട്ടാൻ ‘മാവോവാദി ശല്യം’ സംസ്ഥാന സർക്കാർ ആയുധമാക്കുന്നുണ്ട്. മാവോവാദി സ്വാധീന ജില്ലകളായി മലപ്പുറത്തിനും വയനാടിനും പുറമെ പാലക്കാടിനെയും ഉൾപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി ആവശ്യപ്പെട്ടത് അടുത്തിടെയാണ്. മാവോവാദിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പൊലീസ് നവീകരണത്തിനായി വിവിധ സംസ്ഥാനങ്ങൾക്കായി കേന്ദ്രം 380 കോടി രൂപ കഴിഞ്ഞയാഴ്ച അനുവദിച്ചിരുന്നു. ഇതിൽ ഒന്ന് കേരളമാണ്. അതേസമയം, ഏഴുപേരെ വെടിവെച്ചു കൊന്ന കേരളത്തിൽ, മാവോവാദികളെ കണ്ടാലുടൻ ജീവനെടുക്കേണ്ട വിധം വിപത്തായെന്നതിെൻറ പ്രകട ഉദാഹരണമൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.